ഏതു ഹിന്ദുവിന്‍റെ താല്‍പര്യമാണ് വെള്ളാപ്പള്ളിയുടെ മനസിലുള്ളത്: പിണറായി

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2015 (10:11 IST)
ബിജെപി - എസ്എന്‍ഡിപി കൂട്ടുക്കെട്ടിന്റെ പേരില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ദേശാഭിമാനി പത്രത്തില്‍ ആരംഭിച്ച ലേഖനപരമ്പരയുടെ ആദ്യഭാഗത്തിലാണ് എസ്എന്‍ഡിപിയുടെ പുതിയ നിലപാടുകള്‍ക്കെതിരെ ആഞ്ഞടിക്കുന്നത്.

ഹിന്ദു താല്‍പര്യം സംരക്ഷിക്കാന്‍ ആരുമായും കൂട്ടുകൂടുമെന്ന് വെള്ളാപ്പള്ളി പറയുമ്പോള്‍ ഏതു ഹിന്ദുവിന്‍റെ താല്‍പര്യമാണ് മനസിലുള്ളതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. മറ്റു ജാതി സംഘടനകളുടെ പിന്തുണ ഉറപ്പുകൊടുക്കാന്‍ വെള്ളാപ്പള്ളിയെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ. സമുദായപ്രമാണിമാര്‍ക്കുണ്ടാകുന്ന അസഹിഷ്ണുത സാധാരണ ഈഴവ സമുദായാംഗങ്ങളുടെ പറ്റില്‍ ആരും എഴുതേണ്ടതില്ലെന്നു ലേഖനത്തില്‍ പിണറായി പറയുന്നു.

പിന്നാക്കക്കാരെയും ദലിത് വിഭാഗങ്ങളെയും ആക്രമിച്ചവര്‍ക്ക് ഒപ്പമായിരുന്നു ബിജെപി എന്നു മറക്കരുത്. ബിജെപി സംരക്ഷിക്കുന്നത് കോര്‍പറേറ്റ് ഹിന്ദുക്കളെയാണ്. പിന്നാക്ക താല്‍പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബിജെപി എന്നുപറയുമ്പോള്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ബിജെപി നടത്തിയ സമരങ്ങള്‍ മറക്കരുതെന്നും ലേഖനത്തിലൂടെ പിണറായി ചോദിക്കുന്നു.