തനിക്ക് നിക്കറും ബനിയനും തയ്‌ക്കാന്‍ ഈ പ്രായത്തിലും വിഎസിന് കഴിയുമോ: വെള്ളാപ്പള്ളി

Webdunia
ചൊവ്വ, 24 നവം‌ബര്‍ 2015 (15:22 IST)
സമത്വ മുന്നേറ്റയാത്രയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. സമത്വ മുന്നേറ്റയാത്ര തിരുവനന്തപുരത്ത് എത്തുബോള്‍ വെള്ളാപ്പള്ളിയുടെ വേഷം കാക്കി നിക്കറും വെള്ള ബനിയനും ആവുമെന്ന വിഎസിന്റെ പ്രസ്‌താവന‌യ്ക്കെതിരെയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി രംഗത്തെത്തിയത്.

വിഎസ് തന്റെ പഴയ തൊഴില്‍ മറക്കാത്തത് നല്ല കാര്യം തന്നെയാണ്. തനിക്ക് പാകമായ നിക്കറും ബനിയനും ഈ പ്രായത്തില്‍ തയ്‌ക്കാന്‍ വിഎസിന് കഴിയുമോ. യാത്രയടെ ലക്ഷ്യം മറച്ചുവെക്കാന്‍ വിഎസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കു ഇനി മറുപടിയില്ലെന്നും വെള്ളാപ്പള്ളി കണ്ണൂരില്‍ പറഞ്ഞു.

പാർട്ടിയിൽ ഉറങ്ങിക്കിടന്ന വിഎസിനെ താനാണ് ഉണർത്തി പാർട്ടിയിൽ ഒന്നാമനാക്കിയത്. ആ വിഎസാണ് ഇപ്പോൾ തനിക്കെതിരെ വിമർശനവുമായി ഇറങ്ങിയിരിക്കുന്നത്. തന്നെ വിമർശിക്കുന്നതിലൂടെ വിഎസിന് പാർട്ടിയിൽ പ്രമോഷൻ കിട്ടിയിരിക്കുകയാണ്. സ്വന്തം കാര്യസാദ്ധ്യത്തിന് വേണ്ടി എന്തും പറയുന്ന ആളാണ് വിഎസെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻ ട്രസ്റ്റിനു കീഴിലെ സ്ഥാപനങ്ങളുടെ കണക്ക് ആവശ്യപ്പെടുന്ന വിഎസ് എന്തുകൊണ്ടാണ് എൻഎസ്എസിനോട് കണക്ക് ചോദിക്കാത്തത്. എസ്എൻഡിപിയ്ക്കെതിരെ സംസാരിക്കാൻ ഉമ്മൻചാണ്ടിക്ക് എന്ത് അവകാശമാണുള്ളതെന്ന് വെള്ളാപ്പള്ളി ചോദിച്ചു