മദ്യനയം സംബന്ധിച്ച് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് മാറ്റം അവസരവാദപരമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മദ്യലോബി പോളിറ്റ് ബ്യൂറോയെ പോലും സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, കഴിഞ്ഞദിവസം സി പി എമ്മിന്റെ മദ്യനയത്തിനെതിരെ ചെന്നിത്തല ഫേസ്‌ബുക്കിലൂടെ രംഗത്തു വന്നിരുന്നു. മദ്യലോബി സി പി എമ്മില്‍ പിടിമുറിക്കിയെന്നായിരുന്നു ആരോപണം. എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ല എന്ന പറഞ്ഞ യെച്ചൂരി കഴിഞ്ഞദിവസം മദ്യനിരോധനം തങ്ങളുടെ നയമല്ലെന്നും മദ്യലഭ്യത പൂര്‍ണമായും ഇല്ലാതാക്കുന്നതിനോട് യോജിപ്പില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്.
യെച്ചൂരിയുടെ നിലപാട് മാറ്റത്തിനു കാരണം പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളുടെ ഇടപെടലും സമ്മര്‍ദ്ദവുമാണെന്നും ചെന്നിത്തല ആരോപിച്ചു. നേരത്തെ എടുത്ത നിലപാടില്‍ നിന്ന് പിന്നോക്കം പോയതിന്റെ കാരണം യുക്തിസഹമായി യെച്ചൂരി വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.