വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് ഓടിയ മോഷ്ടാക്കളെ തടയാന്‍ ശ്രമിച്ച എസ്.ഐ യെ അടിച്ചുവീഴ്ത്തി മോഷ്ടാക്കള്‍ മാലയുമായി കടന്നു കളഞ്ഞു. പോത്തന്‍കോട് എസ്.ഐ ശ്രീജിത്താണ് മോഷ്ടാക്കളുടെ അടിയേറ്റു വീണത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ പോത്തന്‍കോട് ചേങ്കോട്ടുകോണം തുണ്ടത്തില്‍ ക്രോസ് റോഡില്‍ വച്ച് പിത്തറവട്ടം ദിലീപ് ഭവനില്‍ വത്സല കുമാരി എന്ന 48 കാരിയുടെ സ്വര്‍ണ്ണമാലയാണ് മോഷ്ടാക്കള്‍ പിടിച്ചുപറിച്ചത്.
ആടിനു തീറ്റികൊടുത്ത ശേഷം റോഡ് മുറിച്ചുകടക്കവേ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് മാലപൊട്ടിച്ചത്. നിലവിളി കേട്ട് എത്തിയ എസ്.ഐ ശ്രീജിത്ത് ചാടിയിറങ്ങി ബൈക്ക്കാരില് ഒരാളെ പിടിച്ചെങ്കിലും കൂടെയുണ്ടായിരുന്നയാള്‍ ഹെല്‍മറ്റ് ഉപയോഗിച്ച് എസ്.ഐ യെ അടിച്ചു വീഴ്ത്തുകയായിരുന്നു.
എന്നാല്‍ അടിയുടെ ആഘാതത്തില്‍ നിന്ന് എസ്.ഐ മോചിതനായപ്പോഴേക്കും മോഷ്ടാക്കള്‍ ചേങ്കോട്ടുകോണം ഭാഗത്തേക്ക് ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. മോഷ്ടാക്കള്‍ക്കായി വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.