പിന്തുടർച്ചാവകാശം മാത്രമല്ല വിഷയം, ഭർത്താവിൻ്റെ തലാഖ്, ബഹുഭാര്യത്വം എന്നിവയിൽ രക്ഷപ്പെടാനും സ്പെഷ്യൽ മാരേജ് ആക്ടിലെ വിവാഹം മതി

Webdunia
വെള്ളി, 10 മാര്‍ച്ച് 2023 (18:04 IST)
സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടൻ കൂടിയായ ഷുക്കൂർ വക്കീലിൻ്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്നത്. തൻ്റെ 3 പെണ്മക്കൾക്ക് തൻ്റെ സമ്പാദ്യം പൂർണ്ണമായും ലഭിക്കുന്നതിനായിരുന്നു മുസ്ലീം വിവാഹനിയമപ്രകാരം വിവാഹിതനായ ഷുക്കൂർ വക്കീൽ ഭാര്യയെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചത്. ഇതിന് പിന്നാലെ ഷുക്കൂർ വക്കീലിനെ വിമർശിച്ചു കൊണ്ട് മതമേലധികാരികൾ രംഗത്ത് വന്നിരുന്നു.
 
ഇപ്പോഴിതാ സ്പെഷ്യൽ മാരേജ് ആക്ട് സ്വത്തവകാശത്തെ മാത്രം ബാധിക്കുന്നതല്ലെന്ന് കാണിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് കൂടി നൽകിയിരിക്കുകയാണ് ഷുക്കൂർ വക്കീൽ. ഭർത്താവിൻ്റെ തലാഖ്, ഭാര്യയുടെ ഖുല, ഭർത്താവിൻ്റെ ബഹുഭാര്യത്വം എന്നിവ സ്പെഷ്യൽ മാരേജ് ആക്ടിലൂടെ വിവാഹം കഴിക്കുമ്പോൾ നഷ്ടമാകുമെന്നും ഇസ്ലാം മതാചാരപ്രകാരം നിക്കാഹ് കഴിഞ്ഞവർ വീണ്ടും സ്പെഷ്യൽ മാരേജ് ആക്ട് 15 പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യണമെന്നും ഷുക്കൂർ വക്കീൽ പറയുന്നു.
 
വക്കീലിൻ്റെ കുറിപ്പ്
 
സ്പഷ്യൽ മാര്യേജ് ആക്ട് സ്വത്തവകാശത്തെ മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല .
ഇസ്ലാം മതാചാര പ്രകാരം നിക്കാഹ് കഴിഞ്ഞവർ വീണ്ടും SMA വകുപ്പ് 15 പ്രകാരം  രജിസ്റ്റർ ചെയ്താൽ 
 
1. ഭർത്താവിന്റെ തലാഖ് അവകാശം നഷ്ടപ്പെടും.
2. ഭാര്യയുടെ ഖുല/ ഫസ്ഖ് അവകാശങ്ങൾ നഷ്ടപ്പെടും.
3 ഭർത്താവിന്റെ ബഹുഭാര്യത്വത്തിനുള്ള അവകാശം നഷ്ടപ്പെടും.
4 ഭാര്യയ്ക്ക് 1986 ലെ  മുസ്ലിം വിവാഹ മോചന സംരക്ഷണ നിയമം വകുപ്പ് 3 പ്രകാരം ഉള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല , എന്നാൽ Cr PC 125 ബാധകമാകും .
സഹോദരിമാരെ ആലോചിച്ച് തീരുമാനിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article