ഷുക്കൂർ വധക്കേസ്: സിപിഎമ്മും മുസ്ലീംലീഗും അന്വേഷണം അട്ടിമറിക്കുന്നു, അണികളെ വഞ്ചിച്ചു കൊണ്ടുള്ള ഈ രഹസ്യനീക്കത്തിന്റെ പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്ന് കുമ്മനം
അരിയിൽ ഷുക്കൂർ വധക്കേസ് അട്ടിമറിക്കുവാനായി സി പി എമ്മും മുസ്ലീംലീഗും തമ്മിൽ രഹസ്യ ധാരണ നടക്കുകയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ഇത് ഷുക്കൂറിന്റെ കുടുംബത്തോട് ചെയ്യുന്ന അനീതിയാണെന്നും കുമ്മനം തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.
കുമ്മനത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ അന്വേഷണം അട്ടിമറിക്കാൻ സിപിഎമ്മും മുസ്ലീംലീഗും തമ്മിൽ രഹസ്യ ധാരണ. മാർക്സിസ്റ്റ് പാർട്ടി നേതാക്കളായ പി ജയരാജൻ, ടി വി രാജേഷും ഈ കേസിലെ പ്രതികളാണ്. ഇവരെ രക്ഷിക്കാൻ മുസ്ലീം ലീഗ് നേതൃത്വം കൂട്ടു നിൽക്കുകയാണ്. ഇത് ഷുക്കൂറിന്റെ കുടുംബത്തോട് ചെയ്യുന്ന അനീതിയാണ്.
അന്വേഷണം സത്യസന്ധമാകണമെങ്കിൽ സിബിഐ തന്നെ അന്വേഷിക്കണമെന്ന് കോടതി കണ്ടെത്തിയിരുന്നു. സിംഗിൾ ബഞ്ച് വിധി അനുസരിച്ച് സിബിഐ അന്വേഷണം തുടങ്ങിയപ്പോഴാണ് പ്രതികളുടെ അപേക്ഷപ്രകാരം ഡിവിഷൻ ബഞ്ച്, സിബിഐ അന്വേഷണം സ്റ്റേ ചെയ്തത്. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സിപിഎം അധികാര ദുർവിനിയോഗം നടത്തുകയാണ്. ലീഗുമായി ഒത്തുകളിച്ച് കേസ് അട്ടിമറിക്കാനാണ് സിപിഎം ഇപ്പോൾ ശ്രമിക്കുന്നത്.
കോഴിക്കോട് തൂണൂരിയിൽ സിപിഎം പ്രവർത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിൽ ലീഗ് പ്രവർത്തകരായ മുഴുവൻ പ്രതികളേയും വെറുതെ വിടാൻ സാഹചര്യം ഒരുക്കിയതും ലീഗ്- സിപിഎം ബന്ധത്തിന്റെ ഫലമായാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന് പ്രത്യുപകാരമായാവാം ഷുക്കൂർ വധക്കേസ് അട്ടിമറിക്കാൻ ലീഗ് ഒത്താശ ചെയ്യുന്നത്. അണികളെ വഞ്ചിച്ചു കൊണ്ട് ഇരു നേതൃത്വങ്ങളും ഉണ്ടാക്കിയിരിക്കുന്ന ഈ രഹസ്യം നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.