കേരള പൊലീസിന് നാണക്കേടുണ്ടാക്കുന്ന റിപ്പോർട്ട് പുറത്ത്. പൊലീസ് കള്ളക്കേസെടുത്തെന്ന് ആരോപിച്ച് വനിതാക്കമ്മീഷനെ സമീപിച്ച യുവതിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിവസ്ത്രയാക്കി അപമാനിച്ചതായി പരാതി.
മൂന്നാര്‍ ആറ്റുകാട് സ്വദേശികളായ ദമ്പതികളെയാണ് പരാതി നൽകിയ കാരണത്താൽ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിച്ചത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ദമ്പതികള്‍.
2,0000 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് ഭര്‍ത്താവ് ജോലി ചെയ്യുന്ന ഏലത്തോട്ടം നടത്തിപ്പുകാരനാണ് യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയത്ത് തോട്ടം ഉടമ യുവതിയെ ശല്യപ്പെടുത്താറുണ്ടായിരുന്നെന്നും, ഇത് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ തോട്ടത്തിലെ ജോലി ഉപേക്ഷിച്ചിരുന്നെന്നും, യുവതി പറയുന്നു. ഇതില്‍ പ്രകോപിതനായ തോട്ടം നടത്തിപ്പുകാരന്‍ യുവതിക്കുനേരെ പരാതി നല്‍കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
തോട്ടം നടത്തിപ്പുകാരന്റെ പരാതിയിയുടെ അടിസ്ഥാനത്തിൽ യുവതിയെയും ഭര്‍ത്താവിനെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ പൊലീസ് അവർക്ക് നേരെ അസഭ്യവർഷം നടത്തുകായിരുന്നുവെന്ന് യുവതി പരാതിപ്പെടുന്നു. ഇതേ തുടര്‍ന്നാണ് യുവതി വനിതാക്കമ്മീഷനെ സമീപിച്ചത്.
എന്നാല്‍ ജനുവരി 26 ന് സ്ത്രീയെ വീണ്ടും പൊലീസില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം, യുവതിയുടെ വസ്ത്രത്തിനുള്ളില്‍ ക്യാമറ ഉണ്ടെന്ന് ആരോപിച്ച് വസ്ത്രം അഴിച്ച് പരിശോധിക്കണമെന്ന മേലുദ്യോഗസ്ഥന്റെ ആവശ്യപ്രകാരം പരസ്യമായി വനിതാ പൊലീസ് യുവതിയുടെ വസ്ത്രം അഴിച്ചെന്നും യുവതി പരാതിപ്പെടുന്നു.
തന്റെ മകന്റെ മുന്നില്‍ വച്ചാണ് പുരുഷ പൊലീസുകാരുള്‍പ്പടെ തന്നെ വിവസ്ത്രയാക്കിയതെന്നും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.