പിതാവിനെ കൊല്ലാൻ തോക്കിന്റെ ഗ്രിഗറിൽ വിരൽ ചലിപ്പിച്ചപ്പോഴോ അടുപ്പിച്ച് നാലുതവണ വെടിവെച്ചപ്പോഴോ ഷെറിന്റെ കൈകൾ വിറച്ചില്ല. നിശ്ചലമായ പിതാവിന്റെ മൃദദേഹവുമായി ഷെറിൻ കറങ്ങിയത് 12 മണിക്കൂർ. ചെങ്ങന്നൂരിലും തിരുവല്ലയിലുമെല്ലാം മൃതദേഹവുമായി ഷെറിൻ കറങ്ങി.
പൊലീസിന്റെ നിഗമനപ്രകാരം വൈകിട്ട് നാലരയ്ക്കും അഞ്ചിനും ഇടയിലാണ് കൊല നടന്നത്. മൃതദേഹം പല ഭാഗങ്ങളിലായി ഉപേക്ഷിച്ച് കഴിഞ്ഞപ്പോൾ സമയം പിറ്റേന്ന് പുലർച്ചെ നാലര. എങ്കിൽ ഏകദേശം12 മണിക്കു നേരം പിതാവിന്റെ മൃതദേഹവുമായി ഷെറിൻ നാടും നഗരവും ചുറ്റി നടന്നു.
ഇതിനിടയിലാണു വിശ്രമിച്ചതും കുളിച്ച് വൃത്തിയായതും കത്തിക്കാനായി പെട്രോൾ വാങ്ങിയതും. രാത്രി എട്ടര വരെയും ചെങ്ങന്നൂരിൽ പലയിടത്തുമായി കാറോടിയെങ്കിലും ആരും വിവരം അറിഞ്ഞില്ല. എട്ടരയോടെ മാർക്കറ്റ് റോഡിലെത്തി ,ഒഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയശേഷം സമീപത്തെ ഇലക്ട്രിക്കൽ കടയിൽ നിന്നു ഗോഡൗണിന്റെ താക്കോൽ വാങ്ങി. പിന്നീട് തിരുവല്ലയിലെ ഹോട്ടലിലേക്ക്.
പത്തരയോടെ ചെങ്ങന്നൂരെത്തി ഗോഡൗണിനുള്ളിലേക്കു കാർ റിവേഴ്സിൽ കയറ്റിയിട്ടു. ഇതിനിടെ സമീപത്തെ സെക്യൂരിറ്റി ജീവനക്കാരനു സംശയമൊന്നും തോന്നാതിരിക്കാനായി പതിവു പോലെ അയാളെ അഭിവാദ്യം ചെയ്യാനും ഷെറിൻ മറന്നില്ല. ഈ നേരമത്രയും ആരുടെയും കണ്ണിൽപ്പെടാതെ ജോയിയുടെ മൃതദേഹം കാറിനുള്ളിലുണ്ടായിരുന്നു.