വീട്ടിലെ മുടിയനായ പുത്രനായിരുന്നു ഷെറിൻ, അമേരിക്കയിലും കേസുകൾ ഉണ്ടായിരുന്നു; മാനക്കേട് ഭയന്ന് ഷെറിന്റെ അനിയൻ പേരുമാറ്റി

Webdunia
വെള്ളി, 3 ജൂണ്‍ 2016 (17:06 IST)
പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ഷെറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. അമേരിക്കൻ പൗരത്വമുള്ള ഷെറിന് യു എസിലും നിരവധി ചെക്ക്‌ കേസുകൾ ഉണ്ടായിരുന്നു. ഇതിനെ ഭയന്നായിരുന്നു നാട്ടിലെത്തിയ ഷെറിൻ തിരിച്ച് ചെല്ലാൻ മടിച്ചതെന്ന് അനിയൻ ഷെറിൽ ജോൺ വ്യക്തമാക്കി.
 
വീട്ടിലെ മുടിയനായ പുത്രനായിരുന്നു ഷെറിനെന്ന് മാതാവ് മറിയാമ്മയും പോലീസിനോട് പറഞ്ഞു. ഷെറിലിനോടും സഹോദരി ഷേർളിയോടും ശത്രുതാ മനോഭാവമായിരുന്നു ഷെറിന് ഉണ്ടായിരുന്നത്. പേരുകളുടെ സാമ്യം മൂലം പലപ്പോഴും സഹോദരൻ കുഴപ്പത്തിൽ പെട്ടിരുന്നു. തുടർന്ന് മാനക്കേട് മാറ്റാനായി ഷെറിൽ, ഡേവിഡ്‌ ജോൺ എന്ന പേരു സ്വീകരിക്കുകയായിരുന്നു.
 
ഷെറിനാണെന്നു തെറ്റിദ്ധരിച്ച്‌ പോലീസും ഷെറിന്റെ തട്ടിപ്പിനിരയായവരും ഷെറിലിനെ ചോദ്യംചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നതില്‍ സഹികെട്ടാണ്‌ ഡേവിഡ്‌ എന്നാക്കിയത്. ഷെറിൻ എന്ന പേരു തന്നെ സഹോദരങ്ങൾക്ക് ഭീതിയാണ് നൽകുന്നത്.
 
കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഇന്നലെ ഇവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തങ്ങളെ കൊലപ്പെടുത്താന്‍ തക്കം പാര്‍ത്തു നടന്നയാളാണ് ഷെറിനെന്ന് ഇവര്‍ പറഞ്ഞു. അച്ഛനെ കൊന്ന് കുടുംബം തകര്‍ത്തവന്‍, വീട്ടില്‍ ഒരിക്കലും സമാധാനം നല്‍കാത്തവന്‍, തങ്ങളോട് ഒരിക്കലും സ്നേഹമായി പെരുമാറിയിട്ടില്ലാത്തവന്‍. ചോദിച്ചപ്പോഴെല്ലാം വെറുപ്പോടെ ഇങ്ങിനെയൊക്കെയായിരുന്നു പ്രതികരണം. 
 
ഷെറിന്‍ തനിച്ചാണ്‌ കൊലപാതകവും തെളിവുനശിപ്പിക്കലും നടത്തിയതെന്ന്‌ പോലീസ്‌ പൂര്‍ണമായും വിശ്വസിക്കുന്നില്ല. ഷെറിന്റെ അടുത്ത സുഹൃത്തുക്കളില്‍ ചിലരെ സ്‌റ്റേഷനിലേക്ക്‌ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തിരുന്നു. ഷെറിനെ ശാരീരികമായി ഉപദ്രവിക്കരുതെന്നും 48 മണിക്കൂര്‍ ഇടവിട്ട്‌ ആശുപത്രിയിലെത്തിച്ച്‌ പരിശോധന നടത്തണമെന്നും തിരികെ കോടതിയില്‍ ഹാജരാക്കുന്ന ഒമ്പതിനു വൈകിട്ട്‌ നാലിന്‌ ചികില്‍സാരേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Next Article