2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മത്സരിക്കില്ല; ലക്ഷ്യം മുഖ്യമന്ത്രി പദം

വ്യാഴം, 24 നവം‌ബര്‍ 2022 (08:54 IST)
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മത്സരിക്കില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് തരൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത്. നിലവില്‍ തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാ അംഗമാണ് തരൂര്‍. 
 
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തരൂര്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പദമാണ് തരൂര്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിനുള്ളില്‍ തരൂരിനെ പിന്തുണയ്ക്കുന്ന ഒരു പ്രബല വിഭാഗമുണ്ട്. ഇവരുടെ പിന്തുണയോടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി തരൂര്‍ കരുക്കള്‍ നീക്കുന്നത്. 
 
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഇനി മത്സരിക്കാനില്ലെന്ന് തരൂര്‍ തന്റെ വിശ്വസ്തരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേരള നേതൃത്വം ഇക്കാര്യത്തെ എങ്ങനെ സ്വീകരിക്കുമെന്ന് തരൂര്‍ ക്യാംപിന് ആശങ്കയുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് തരൂര്‍ മാറിനില്‍ക്കാന്‍ നോക്കുന്നത് സ്ഥാനമോഹത്തിനു വേണ്ടിയാണെന്ന തരത്തില്‍ തരൂര്‍ വിരുദ്ധ ക്യാംപുകള്‍ പ്രചരണം നടത്തിയേക്കും. 
 
എന്തായാലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് തരൂര്‍ ഇപ്പോള്‍ മലബാര്‍ പര്യടനം ആരംഭിച്ചിരിക്കുന്നത്. ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരച്ചതിലൂടെ കേരളത്തില്‍ വന്‍ ജനപ്രീതി നേടാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും അത് വര്‍ധിപ്പിക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നുമാണ് തരൂരിന്റെ നിലപാട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍