2019ല്‍ പാല്‍ വില നാല് രൂപ വര്‍ദ്ധിപ്പിച്ചപ്പോള്‍ വര്‍ദ്ധനവിന്റെ 83.75 ശതമാനം നല്‍കിയത് കര്‍ഷകര്‍ക്ക്; ഇത്തവണയും അങ്ങനെ തന്നെ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 24 നവം‌ബര്‍ 2022 (08:51 IST)
2019ല്‍ പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ദ്ധിപ്പിച്ചപ്പോള്‍ വര്‍ദ്ധനവിന്റെ 83.75 ശതമാനം അതായത് ലിറ്ററിന് 3.35 രൂപ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ ലിറ്ററിന് ആറ് രൂപ വീതം വര്‍ദ്ധിപ്പിക്കുമ്പോഴും കര്‍ഷകന് അതേ നിരക്കിലുള്ള വര്‍ദ്ധനവ് നല്‍കുന്ന രീതിയായിരിക്കും സ്വീകരിക്കുക. അതായത് ലിറ്ററിന് ശരാശരി 5.025 രൂപ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
 
കേരളത്തിന്റെ പാല്‍ ഉത്പ്പാദന ചെലവിനെക്കുറിച്ച് പഠിക്കുന്നതിന് കാര്‍ഷിക വെറ്റിനറി സര്‍വ്വകലാശാലകളില്‍ നിന്നുളള വിദഗ്ധരെ ഉള്‍പ്പെടുത്തി വിദഗ്ധസമിതിയ്ക്ക് മില്‍മ രൂപം നല്‍കിയിരുന്നു. ഈ വിദഗ്ധസമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച ലഭിച്ചു. ഇതുപ്രകാരം കര്‍ഷകര്‍ക്ക് ലിറ്ററിന് 8.57 രൂപ നഷ്ടമുളളതായാണ് കണക്കാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ടിന്റെ ശുപാര്‍ശ മില്‍മയുടെ ഭരണസമിതി ചര്‍ച്ച ചെയ്യുകയും പാല്‍ വില വര്‍ദ്ധനവ് അനിവാര്യമാണെന്ന് തീരുമാനിക്കുകയും ചെയ്തു. 
 
പാല്‍ വില വര്‍ദ്ധിപ്പിക്കുന്നതിനുളള അധികാരം മില്‍മയ്ക്കാണെങ്കിലും പാല്‍വില വര്‍ദ്ധനവ് സംബന്ധിച്ചുളള മില്‍മ ഭരണസമിതിയുടെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് ഉചിതമായ വര്‍ദ്ധനവ് നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. ക്ഷീരസഹകരണസംഘങ്ങള്‍ക്കും വിതരണക്കാര്‍ക്കും നടപ്പില്‍ വരുത്തുന്ന വില വര്‍ദ്ധനവിന്റെ 5.75 ശതമാനം വീതവും ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന് വര്‍ദ്ധനവിന്റെ 0.75 ശതമാനവും നല്‍കും. വര്‍ദ്ധനവിന്റെ 3.50 ശതമാനം മില്‍മയ്ക്കും 0.50 ശതമാനം പ്ലാസ്റ്റിക് നിര്‍മ്മാര്‍ജജന ഫണ്ടിലേക്കും വകയിരുത്തുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍