തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ ഷാറോണിന്റെയും ഗ്രീഷ്മയുടെയും മൊബൈല്‍ ഫോണില്‍ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തിയിരുന്നു. ഈ തെളിവുകള്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി എസ് വിനീത് കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. 2022 ഓഗസ്റ്റില്‍ അമിത അളവില്‍ ഗുളികകള്‍ കലര്‍ത്തി ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി ഷാരോണിനെ കുടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കയപ്പ് കാരണം ഷാരോണ്‍ അത് തുപ്പികളയുകയായിരുന്നു. ഈ സംഭവം നടന്നതിന്റെ അന്ന് രാവിലെയും അമിത അളവില്‍ വിഷം ശരീരത്തില്‍ കടന്നാലുള്ള ആഘാതങ്ങളെ പറ്റി ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരെഞ്ഞിരുന്നു. ഷാരോണിന് വിഷം നല്‍കിയ ഒക്ടോബര്‍ 14ന് രാവിലെ ഏഴരയോടെ വിഷത്തിന്റെ പ്രവര്‍ത്തനരീതിയിയെ പറ്റി ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്തി. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കോടതി രേഖപ്പെടുത്തി.
വിഷത്തിന്റെ പ്രവര്‍ത്തനരീതി മനസിലാക്കിയാണ് അന്ന് പത്തരയോടെ ഷാരോണിനെ വിഷം കുടിപ്പിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 11 ദിവസത്തെ ചികിത്സ നല്‍കിയിട്ടും ഷാരോണ്‍ മരിക്കുകയായിരുന്നു. 15 എം എല്‍ വിഷം ഉള്ളില്‍ ചെന്നാല്‍ മരണം സുനിശ്ചിതമാണെന്നും മറു മരുന്നുകളില്ലാത്ത വിഷമാണ് ഇതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ മേധാവി ഡോ അരുണയും കോടതിയില്‍ മൊഴി നല്‍കി.