സെന്‍കുമാറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം; ആറുമാസമായി വൈകിപ്പിച്ച ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറി

Webdunia
വെള്ളി, 5 മെയ് 2017 (07:27 IST)
ടി പി സെന്‍കുമാറിനെ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി നിയമിക്കാനുള്ള ശുപാർശക്ക് സർക്കാർ അംഗീകാരം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണ് സർക്കാർ അംഗീകരിച്ച് ഗവർണർക്ക് കൈമാറിയത്. 
 
ആറുമാസമായി വൈകിപ്പിച്ച ശുപാര്‍ശയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ഗവര്‍ണര്‍ക്ക് അതേപടി കൈമാറിയത്. സെന്‍കുമാര്‍ കോടതിയലക്ഷ്യവുമായി മുന്നോട്ടുപോകുമെന്ന സൂചനയെത്തുടര്‍ന്നായിരുന്നു ശുപാർശ വൈകിപ്പിച്ചതെന്നാണ് വിശദീകരണം. 
 
സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവുവന്ന് ഒരാഴ്ച കഴിയുമ്പോഴാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ സർക്കാരിന് വീണ്ടും പിന്നാക്കം പോകേണ്ടി വന്നിരിക്കുന്നത്. സുപ്രിംകോടതി ഉത്തരവിട്ടിട്ടും ഇതുവരെയായിട്ടും ഡിജിപി നിയമനം ഉണ്ടാകാത്ത സാഹചര്യത്തിൽ ഇതിനെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. 
Next Article