എറണാകുളം: സ്‌കൂട്ടര്‍ വാങ്ങി വാറന്റി സമയത്ത് നിരവധി തവണ തകരാറിലായതിന് യുവതി നല്‍കിയ പരാതിയില്‍ 92000 രൂപാ നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. കൊച്ചി നിവാസി നിധി ജയിന്‍ നല്‍കിയ പരാതിയിലാണ് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍സ് ലിമിറ്റഡ്, പാലാരിവട്ടത്തെ സര്‍വീസ് സെന്റര്‍ നടത്തിപ്പുകാരായ മുത്തൂറ്റ് മോട്ടേഴ്‌സ് എന്നിവര്‍ക്കെതിരെ വിധി ഉണ്ടായത്.
2018 മാര്‍ച്ചിലായിരുന്നു നിധി ജയിന്‍ 67000 രൂപാ നല്‍കി ഒരു വര്‍ഷത്തെ വാറന്റിയോടെ സ്‌കൂട്ടര്‍ വാങ്ങിയത്. എന്നാല്‍ ഏറെ താമസിയാതെ തന്നെ സ്‌കൂട്ടറില്‍ നിന്ന് വലിയ ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയതോടെ സര്‍വീസ് സെന്ററില്‍ പോയി പല തവണ റിപ്പയര്‍ ചെയ്തു. ഇതിനിടെ മറ്റു ചില പ്രശ്‌നങ്ങളും സ്‌കൂട്ടറിന് ഉണ്ടാവുകയും പല പ്രധാന ഭാഗങ്ങളും മാറ്റി പുതിയവ വയ്‌ക്കേണ്ടിയും വന്നു.
സഹികെട്ട വാഹന ഉടമ നിര്‍മ്മാണ ന്യൂനത കൊണ്ടാണ് വാഹനത്തിന് ഇത് സംഭവിച്ചതെന്ന് കാണിച്ച് ഉപഭോക്ത്യ തര്‍ക്ക പരിഹാര കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പരാതിക്കാരി വാറന്റി വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തി എന്ന് സര്‍വീസ് സെന്റര്‍ ഉടമകള്‍ വാദിച്ചു. എന്നാല്‍ വാറന്റി പീരിഡില്‍ തന്നെ വാഹനത്തിന് സര്‍വീസ് നിഷേധിച്ചെന്നും അതിനാല്‍ മറ്റു വര്‍ക്ക് ഷോപ്പുകളിലേക്ക് പോകേണ്ടി വന്നും എന്നും പരാതിക്കാരി പറഞ്ഞു. എന്നാല്‍ നീതി തേടി എത്തിയ ഉപഭോക്താക്കളുടെ അവകാശം ഉറപ്പുവരുത്തി എന്നതാണ് ഈ കേസിന്റെ പ്രാധാന്യം എന്നു പറഞ്ഞു കൊണ്ട് സ്‌കൂട്ടറിന്റെ വിലയായ 67740 രൂപയും നഷ്ടപരിഹാരമായി 15000 രൂപയും കോടതി ചെലവായി 10000 രൂപയും 45 ദിവസത്തിനകം നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.