യുഡിഎഫ് ആവശ്യപ്പെട്ടതു കൊണ്ടാണ് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തിയത്: ബാബു

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2016 (09:32 IST)
സോളാര്‍ കമ്മീഷനില്‍ സരിത എസ് നായര്‍ നല്‍കിയ മൊഴിയിലും ആരോപണങ്ങള്‍ക്കും പിന്നില്‍ ഗൂഢാലോചനയാണെന്ന് എക്‍സൈസ് മന്ത്രി കെ ബാബു. ബാര്‍ മുതലാളിമാരാണ് സരിതയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ ചരടുവലിക്കുന്നത്. ഇക്കാര്യത്തില്‍ യുഡിഎഫ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലന്‍‌സ് ഉത്തരവ് ഹൈക്കോടതി റദ്ദു ചെയ്‌തതിലൂടെ  താന്‍ തെറ്റുകാരനല്ലെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ആവശ്യപ്പെട്ടതു കൊണ്ടാണ് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തിയത്. മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരണമെന്ന് ആഗ്രഹമില്ലായിരുന്നു. തുടങ്ങിവെച്ച പദ്ധതികള്‍ അവസാനിപ്പിക്കണം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കുകയാകും ലക്ഷ്യമെന്നും ബാബു പറഞ്ഞു.

രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു ബാബു മാധ്യമങ്ങളോട് സംസാരിച്ചത്. രാജി സ്വീകരിക്കേണ്ടെന്ന യുഡിഎഫ് തീരുമാനത്തെ തുടര്‍ന്ന് രാജി തീരുമാനം പിന്‍വലിച്ച അദ്ദേഹം ഓഫീസിലെത്തി ചുമതലകളില്‍ സജീവമായി. ഇതിനുശേഷം ഇന്ന് നടക്കുന്ന നിരവധി പൊതുപരിപാടികളിലും ബാബു പങ്കെടുക്കും.

എക്സൈസ്, ഫിഷറീസ്,തുറമുഖ വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചുകൊണ്ടുള്ള കെ ബാബുവിന്റെ രാജി കത്ത് സ്വീകരിക്കേണ്ടെന്ന് ശനിയാഴ്‌ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ്  യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് രാജി തീരുമാനം പിന്‍വലിച്ച് ബാബു തിരികെയെത്തുന്നത്.

ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്‌ത സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമില്ലെന്നാണ് യുഡിഎഫ്  യോഗം വിലയിരുത്തിയത്.