സംസ്ഥാനം പോളിംഗ് ബൂത്തിലെത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സോളാര്‍ തട്ടിപ്പ് കേസിലെ സരിത എസ് നായര്‍ തനിക്കെതിരെയുണ്ടെന്ന് പറയുന്ന തെളിവുകള്‍ വോട്ടെടുപ്പിന് മുമ്പ് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി സോളാര്‍ കമ്മീഷന് കത്ത് നല്‍കി.
നീണ്ട നാല്‍പ്പത് വര്‍ഷത്തെ സുതാര്യമായ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള തന്റെമേല്‍ സംശയത്തിന്റെ നിഷല്‍ പോലും ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നത് അതിനാല്‍ സരിത കമ്മീഷനില്‍ ഹാജരാക്കിയെന്ന് അവകാശപ്പെടുന്ന ദൃശ്യമോ രേഖകളോ പുറത്തുവിടണം. ആരോപണത്തിന്റെ യാഥാര്‍ഥ്യം ബോദ്ധ്യപ്പെടുത്താന്‍ അവസരം ഉണ്ടാക്കണമെന്ന് വേണുഗോപാല്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.
ഒരു മാസം മുമ്പ് ഒരു സ്വകാര്യ ചാനല്‍ വഴി സരിത ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ എറണാകുളം സിജെഎം കോടതിയില്‍ മാനഷ്‌ടക്കേസ് ഫയല്‍ ചെയ്‌തിട്ടുണ്ട്. ഈ കേസിന്റെ തുടക്കം മുതല്‍ തന്നെ വേട്ടയാടുകയാണ്. തനിക്കെതിരെ മുമ്പൊന്നും ഉന്നയിക്കാത്ത ആരോപണങ്ങളാണ് ഉയരുന്നത്. തെരഞ്ഞെടുപ്പിന് തലേന്ന് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ഞാനടക്കമുള്ള മന്ത്രിമാരെയും മുഖ്യമന്ത്രിയേയും അപമാനിക്കുകയാണ് സരിതയുടെ ലക്ഷ്യമെന്നും വേണുഗോപാല്‍ കമ്മീഷന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.