കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ടി കെ എസ് മണി (ക്യാപ്റ്റൻ മണി) അന്തരിച്ചു. ഉദരരോഗത്തെത്തുടർന്ന് കഴിഞ്ഞ 17ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർഛിച്ചതോടെ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് സംസ്കരിക്കും.
1973ല്‍ എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് റെയിൽവേസിനെതിരെ നടന്ന ഫൈനലിലാണ് മണി കേരളത്തിന് ഹാട്രിക് ഗോൾ നേടി കന്നി കിരീടം സമ്മാനിച്ചത്. അന്നത്തെ മന്ത്രിയായിരുന്ന കെ കരുണാകരനാണ് മണിയെ ക്യാപ്റ്റൻ മണിയെന്ന് സംബോധന ചെയ്തത്.
ജിംഖാന കണ്ണൂരിനുവേണ്ടിയാണ് മണി ആദ്യമായി ബൂട്ടുകെട്ടുന്നത്. പിന്നീട് ഏറെക്കാലം ഫാക്ട് ഫുട്ബാൾ ടീമിൽ അംഗമായിരുന്നു. 1969 - 70 കാലത്താണ് കേരള ടീമിൽ അംഗമാകുന്നത്. പിന്നീട് അഞ്ചുവർഷം കേരളടീമിനുവേണ്ടി കളിച്ചു. കണ്ണൂർ തളാപ്പ് സ്വദേശിയാണ് മണി. ഏറെക്കാലമായി കൊച്ചി ഇടപ്പള്ളിയിൽ മകനോടൊപ്പമായിരുന്നു താമസം.