മോട്ടോർ വാഹന നിയമങ്ങളുടെ ലംഘനം, സഞ്ജു ടെക്കിയുടെ വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തു

അഭിറാം മനോഹർ

ചൊവ്വ, 18 ജൂണ്‍ 2024 (14:12 IST)
Sanju Tecky
യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ യൂട്യൂബിന് കത്ത് നല്‍കിയിരുന്നു. നിയമലംഘനങ്ങള്‍ അടങ്ങിയ 8 വീഡിയോകളാണ് നീക്കം ചെയ്തത്.
 
കാറില്‍ സ്വിമ്മിങ് പൂള്‍ ഉണ്ടാക്കി യാത്ര ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ സഞ്ജുവിന്റെ ഡ്രൈവിങ് ലൈസന്‍സ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു. തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിക്കുകയും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്തതിന് തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയതെന്ന് മോട്ടോര്‍ വാഹന ഗതാഗത വകുപ്പ് വ്യക്തമാക്കിയിരുന്നു. നിയമം ലംഘിക്കുക മാത്രമല്ല നിയമലംഘനങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും അതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കുകയുമാണ് സഞ്ജു ചെയ്തത്. മോട്ടോര്‍ വെഹിക്കിള്‍സ് റെഗുലേഷന്‍സ് 2017 ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് സഞ്ജു വാഹനം ഉപയോഗിക്കുന്നത്. ലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള വ്‌ലോഗര്‍മാര്‍ തന്നെ ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന വീഡിയോ പ്രചരിക്കുമ്പോള്‍ പലരും അതിനെ അനുകരിക്കാന്‍ ശ്രമിച്ചേക്കാം. സഞ്ജു ടെക്കിക്കെതിരായ കര്‍ശന നടപടി നിയമലംഘകര്‍ക്കും നിയമത്തെ നിസാരവത്കരിക്കുന്നവര്‍ക്കുമുള്ള താക്കീതാണെന്നും എംവിഡി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍