പാലക്കാട് വോട്ടെടുപ്പിന്റെ തലേദിവസം (ചൊവ്വ) സന്ദീപ് വാരിയര്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് യുഡിഎഫിലും കോണ്‍ഗ്രസിലും പൊട്ടിത്തെറി. കാര്യാലയം നിര്‍മിക്കാന്‍ തറവാടുവക ഭൂമി ആര്‍എസ്എസിനു നല്‍കുമെന്നാണ് സന്ദീപ് ഇന്നലെ കൊച്ചിയില്‍ പറഞ്ഞത്. വോട്ടെടുപ്പിന്റെ തലേദിവസം തന്നെ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത് ശരിയായില്ലെന്നാണ് യുഡിഎഫിലെ ഘടകകക്ഷികളായ ലീഗ് അടക്കമുള്ള പാര്‍ട്ടികളുടെ വിമര്‍ശനം. സന്ദീപ് വാരിയറുടെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനുള്ളിലും അതൃപ്തി പുകയുന്നു.
വേണ്ടത്ര പരിഗണന ലഭിക്കാത്തതിന്റെ പേരില്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച സന്ദീപ് നേരത്തെ തന്റെ അമ്മയ്ക്കു നല്‍കിയ വാക്ക് പാലിക്കാനാണ് തറവാടുവക ഭൂമി ആര്‍എസ്എസിനു നല്‍കുന്നത്. മുന്‍പ് പറഞ്ഞ വാക്ക് പാലിക്കാനാണ് എന്നു പറയുമ്പോഴും അങ്ങനെയൊരു പ്രസ്താവന വോട്ടെടുപ്പിന്റെ തലേന്ന് പറഞ്ഞത് ദോഷം ചെയ്യുമെന്നാണ് ലീഗിന്റെ അഭിപ്രായം. പാലക്കാട് ഡിസിസിയിലെ ചില മുതിര്‍ന്ന നേതാക്കളും സന്ദീപിന്റെ പ്രസ്താവനയിലെ അനൗചിത്യം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിലേക്ക് എത്തിയെങ്കിലും ആര്‍എസ്എസ് രാഷ്ട്രീയ നിലപാട് സന്ദീപ് തള്ളിപ്പറഞ്ഞിട്ടില്ലെന്ന് സിപിഎം ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്കു മൂര്‍ച്ഛയേകാനാണ് സന്ദീപിന്റെ ഇപ്പോഴത്തെ പ്രസ്താവന സഹായിക്കുകയെന്നാണ് പാലക്കാട് ഡിസിസിയിലെ ചില നേതാക്കളും യുഡിഎഫിനെ ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും ആശങ്കപ്പെടുന്നത്.
സന്ദീപിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചതിനു പിന്നാലെ പാലക്കാട് ഡിസിസിയില്‍ പൊട്ടിത്തെറികള്‍ രൂക്ഷമായിട്ടുണ്ട്. വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണ് കെപിസിസി നേതൃത്വം സന്ദീപിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതെന്നാണ് വിമര്‍ശനം. തുടര്‍ച്ചയായി ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ സന്ദീപ് പാര്‍ട്ടിക്ക് ബാധ്യതയാകുമെന്ന് പോലും ചില നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതേസമയം ആര്‍എസ്എസ് ശാഖ നിര്‍മിക്കാനല്ല ഓഫീസ് നിര്‍മിക്കാനാണ് തന്റെ തറവാട്ടുവക ഭൂമി ദാനം ചെയ്യുന്നതെന്ന് സന്ദീപ് പറഞ്ഞു. ബിജെപിയില്‍ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ആര്‍എസ്എസിനു നല്‍കിയ വാക്ക് താന്‍ മാറ്റില്ലെന്നു പറഞ്ഞ സന്ദീപ് അമ്മയുടെ ആഗ്രഹപ്രകാരമാണ് ഭൂമി ആര്‍എസ്എസിനു ദാനം ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ത്തു.