കെകെ രമയുടേത് സംഘപരിവാര്‍ ശൈലി; ഡല്‍ഹിയില്‍ കണ്ടത് അതിനുള്ള തെളിവ് - വിമര്‍ശനവുമായി മുഖ്യമന്ത്രി
കേരളത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്താനാണ് ആര്‍എംപി നേതാവ് കെകെ രമ ഡല്‍ഹിയില്‍ സമരം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
രമയുടേയും സംഘപരിവാറിന്റേയും സമര രീതി ഒരു പോലെയാണ്. കേരളത്തെക്കുറിച്ച് മോശമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. അതു തന്നെയാണ് രമയും ഡല്‍ഹിയില്‍ ചെയ്‌തതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ഓഫീസ് പരിസരത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തത് കൊണ്ടാണ് ആര്‍എംപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യേണ്ടി വന്നത്. നിരവധി ആര്‍എംപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇപ്പോള്‍ സിപിഎമ്മിലേക്ക് എത്തുന്നുണ്ട്. ഇതില്‍ പ്രകോപിതരായിട്ടാണ് വടകര ഒഞ്ചിയത്ത് ആര്‍എംപി ആക്രമം അഴിച്ചു വിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒഞ്ചിയത്ത് സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ചുവിടുന്നുവെന്ന് ചൂണ്ടിക്കാട്ടി കുറ്റ്യാടി എംഎല്‍എ പാറക്കല്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുമ്പോഴാണ് ആര്‍എംപിക്കെതിരെയും രമയ്‌ക്കെതിരെയും മുഖ്യമന്ത്രി പ്രസ്‌താവന നടത്തിയത്.