സലീം‌രാജ് ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസ്: സിബിഐ റെയ്‌ഡില്‍ വെടിയുണ്ടകള്‍ പിടിച്ചെടുത്തു

Webdunia
വെള്ളി, 23 മെയ് 2014 (08:35 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലിം രാജ്‌ ഉള്‍പ്പെട്ട ഭൂമിയിടപാടു കേസില്‍ സിബിഐ നടത്തിയ റെയ്‌ഡില്‍ വെടിയുണ്ടകള്‍ പിടിച്ചെടുത്തു. കേസിലെ രണ്ടാം പ്രതിയും മുന്‍ വില്ലേജ്‌ ഓഫീസറുമായ മുറാദീന്റെ വീട്ടില്‍ നിന്നുമാണ്‌ വെടിയുണ്ടകള്‍ പിടിച്ചെടുത്തത്‌.
 
പൊലീസുകാര്‍ ഉപയോഗിക്കുന്ന 303 റൈഫിളിലെ തിരകളാണ്‌ മുറാദീന്റെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നും സിബിഐ സംഘം നടത്തിയ റെയ്‌ഡില്‍ കണ്ടെടുത്തത്‌. പിടിച്ചെടുത്ത വെടിയുണ്ടകള്‍ പോലീസിന്‌ കൈമാറി . ആയുധ നിയമ പ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തേക്കാമെന്നാണ്‌ സൂചന.
 
സലീംരാജ്‌ ഉള്‍പ്പെടെയുള്ള പ്രതികളുടെ വീടുകളിലാണ്‌ പുലര്‍ച്ചെ മുതല്‍ സിബിഐ സംഘം പരിശോധന നടത്തി വരുന്നത്‌. കടകംപള്ളി വില്ലേജ്‌ ഓഫീസില്‍ നിന്നും റവന്യൂ രേഖകള്‍ ഉള്‍പ്പെടെയുള്ള ചില സുപ്രധാന രേഖകള്‍ നേരത്തെ നഷ്‌ടപ്പെട്ടിരുന്നു. ഇവ കണ്ടെടുക്കാനാണ്‌ കേസിലെ പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും വീടുകളില്‍ റെയ്‌ഡ് നടത്തുന്നത്‌. ഭൂമി തട്ടിപ്പുമായിബന്ധപ്പെട്ട വിലപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ്‌ പ്രാഥമിക വിവരം.