താരസംഘടനയായ 'അമ്മ'യ്ക്കെതിരല്ല താനെന്ന് നടൻ സലിംകുമാർ വ്യക്തമാക്കി. സലിംകുമാറിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും തിരിച്ച് വരണമെന്നുമുള്ള ഇന്നസെന്റിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിബൽ ആയി നിൽക്കാനല്ല, പകരം ഒറ്റക്കെട്ടായി നിൽക്കാനാണ് താൻ രാജി വെച്ചതെന്നും അദ്ദേഹം സൗത്ത് ലൈവിനോട് പറഞ്ഞു.
അമ്മയിലെ എല്ലാവരും ഒരുപോലെയാണ്. വലുപ്പ ചെറുപ്പമില്ലാതെയാണ് എല്ലാവരേയും കാണുന്നത്. ഒരാൾ കാരണം കൂട്ടത്തിലെ മറ്റൊരാളുടെ ചങ്ക് വേദനിക്കാൻ കാരണമാകരുത് എന്ന് കരുതിയാണ് താൻ രാജിവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മ എന്ന സംഘടനയ്ക്ക് താൻ എതിരല്ലെന്നും തന്റെ രാജി സ്വീകരിക്കേണ്ടത് എക്സിക്യൂട്ടീവ് കമ്മിറ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനാപുരത്ത് മൂന്ന് താരങ്ങള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ഗണേഷ്‌കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണം നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു സലിംകുമാറിന്റെ രാജി.