സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് ആരംഭിച്ച് ഒമ്പതു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് പോളിംഗ് 60 ശതമാനം കടന്നു. വടക്കന്‍ കേരളത്തിലെ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.
വടക്കന്‍ കേരളത്തില്‍ കനത്ത പോളിംഗ് ആണ് നടക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നത് പോളിങ്ങിനെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ കനത്ത മഴയാണുള്ളത്. വയനാടും മലപ്പുറവും കണ്ണൂരും ആണ് പോളിംഗില്‍ മുന്നില്‍.
എറാണാകുളം ജില്ലയിൽ പിറവം, കൂത്താട്ടുകുളം മണ്ഡലങ്ങളിൽ വൈദ്യുതി മുടങ്ങിയത് കൊണ്ട് വോട്ടിങ് തടസ്സപ്പെട്ടു. എറണാകുളം വടുതല സെൻറ് ആന്റണീസ് യു പി സ്കൂളിൽ വോട്ടിങ് യന്ത്രം ഓൺ ചെയ്ത ശേഷം ഒരാൾ വോട്ട് ചെയ്യാതെ മടങ്ങിയത് കാരണം ഏറെ നേരം പോളിങ് മുടങ്ങി.
പിന്നീട് ഇയാളെ തിരിച്ചു കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിച്ചതിന് ശേഷമാണ് തുടർന്നുള്ളവർക്ക് വോട്ട് ചെയ്യാനായത്. എറണാകുളത്തെ സർഫാസി ഇരകൾ വോട്ടിങ് ബഹിഷ്കരിച്ച് ഹൈകോടതിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.