സൈബർ ആക്രമണം, പുറത്തിറങ്ങാൻ ഭയം തോന്നുന്നുവെന്ന് സജിതാ മഠത്തിൽ:മുഖ്യമന്ത്രിക്ക് പരാതി നൽകി

Webdunia
ചൊവ്വ, 12 നവം‌ബര്‍ 2019 (17:33 IST)
കോഴിക്കോട് യു എ പി എ കേസിന് ശേഷം തനിക്കെതിരെ ഓൺലൈനിൽ സൈബർ അക്രമണങ്ങൾ വർധിച്ചതായി സജിതാ മഠത്തിൽ. സംഭവത്തിൽ സജിത മുഖ്യമന്ത്രിക്ക് പരാതി കൈമാറി. കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച്   യു എ പി എ ചുമത്തപെട്ട  അലൻ ശുഹൈബിന്റെ മാതൃസഹോദരിയാണ് സജിത.
 
തനിക്ക് വ്യക്തിപരമായി നേരിട്ട് ബന്ധമില്ലാത്ത വിഷയത്തെ പറ്റിയാണ് സൈബർ ആക്രമണം നേരിടേണ്ടിവരുന്നത്. പലതുംവ്യക്തിപരമായി വളരെയധികം അധിക്ഷേപിക്കുന്ന തരത്തിലുള്ളവയും ലൈംഗീക ചുവയോട് കൂടിയുള്ളതാണെന്നും ചില പോസ്റ്റുകൾ ഒരു കൂട്ടം ആളുകൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. 
 
അധിക്ഷേപങ്ങളിൽ പലതും വ്യക്തിഹത്യ നടത്തുന്ന തരത്തിലാണെന്നും തനിക്ക് അറിവില്ലാത്ത വിഷയങ്ങളിലേക്ക് വലിച്ചിഴക്കുന്നുവെന്നും പറയുന്ന പരാതിയിൽ തനിക്കെതിരെ പൊതുസ്ഥലങ്ങളിൽ വെച്ച് അക്രമങ്ങൾ നടക്കുമോ എന്ന് ഭയം ഉള്ളതായും പറയുന്നു.
 
ഈ വിഷയത്തിൽ എട്ടാം തിയതി വനിതാ കമ്മീഷന് നേരിട്ട് പരാതി നൽകിയെങ്കിലും മൂന്ന് ദിവസങ്ങളായി നടപടികൾ ഒന്നും തന്നെ എടുത്തില്ലെന്നും സജിതാ മഠത്തിൽ പറയുന്നു. ഇതിനേ തുടർന്നാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. പരാതിക്കൊപ്പം തന്നെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിന്റെ ലിങ്കും സജിത കൈമാറിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article