ശബരിമലയിലേക്ക് വിപുലമായ യാത്രാ സൌകര്യങ്ങള്‍

Webdunia
ശനി, 14 നവം‌ബര്‍ 2015 (16:39 IST)
വൃശ്ചികം ഒന്നിനു തുടക്കമിടുന്ന ഇത്തവണത്തെ മണ്ഡലകാല മഹോത്സവത്തോട് അനുബന്ധിച്ച് ശബരിമലയിലേക്ക് കെ എസ് ആര്‍ ടി സി പുതുതായി 170 ബസുകള്‍ സജ്ജമാക്കും. പമ്പ - നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനായി 100 എണ്ണവും ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി 70 എണ്ണവുമായിരിക്കും ഇത്. ഇവയില്‍ ഭൂരിപക്ഷവും ലോ ഫ്ലോര്‍ ബസുകളാവും ഉണ്ടാവുക.
 
ശബരിമല തീര്‍ത്ഥാടകരുടെ സൌകര്യാര്‍ത്ഥം തിരുവനന്തപുരം സെന്‍ട്രല്‍, കൊട്ടാരക്കര, പുനലൂര്‍, പത്തനംതിട്ട, ചെങ്ങന്നൂര്‍, അടൂര്‍, കായം‍കുളം, കോട്ടയം, എറണാകുളം, എരുമേലി, കുമിളി ഡിപ്പോകളെ പ്രത്യേക സര്‍വീസ് കേന്ദ്രങ്ങളാക്കും.  ഇതിനൊപ്പം എറണാകുളം സൌത്ത് റയില്‍വേ സ്റ്റേഷനില്‍ എത്തുന്നവര്‍ക്കായി കെ എസ് ആര്‍ ടി സിയുടെ പ്രത്യേക കണ്‍ട്റോള്‍ സ്റ്റേഷനും ആരംഭിക്കും. 
 
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കോയമ്പത്തൂര്‍, പളനി, മധുര, തെങ്കാശി, കന്യാകുമാരി, കമ്പം എന്നിവിടങ്ങളില്‍ നിന്ന് പമ്പയ്ക്കും എരുമേലിക്കും പ്രത്യേക സര്‍വീസ് നടത്താനും ധാരണയായി. ഇതു കൂടാതെ ആന്ധ്ര ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ 1200 ബസുകളും കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ 1500 ബസുകളും ശബരിമല സര്‍വീസ് നടത്താന്‍ തയ്യാറായിട്ടുണ്ട്. ബാംഗ്ലൂരിലെ പീനിയ ബസ് സ്റ്റേഷനില്‍ നിന്ന് പമ്പയിലേക്ക് സ്പെഷ്യല്‍ സൂപ്പര്‍ ഡീലക്സ് ബസും ഉണ്ടാവും.