ശബരിമല ഇനി ദേശീയ തീര്‍ഥാടന ടൂറിസം കേന്ദ്രമാകും

Webdunia
ബുധന്‍, 20 ഓഗസ്റ്റ് 2014 (12:21 IST)
വിശ്വപ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ശബരിമലയേ ദേശീയ തീര്‍ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ശബരിമലയില്‍ ഇത് സംബന്ധിച്ച പഠനത്തിന് കേന്ദ്ര ടൂറിസം സെക്രട്ടറി ആനന്ദ്‌കുമാറും കേന്ദ്ര ടൂറിസം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ സിങ്ങ് എന്നിവര്‍ ചൊവ്വാഴ്ച എത്തി.

ശബരിമലയേ പദ്ധതിയില്‍ പെടുത്തിയതോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്ന് 130 കോടി രൂപ വരെ അനുവദിക്കാനാകുമെന്ന് ആനന്ദ്‌കുമാര്‍ അറിയിച്ചു. ശബരിമലയെ സംബന്ധിച്ച് പ്രധാനമായി വേണ്ട കാര്യങ്ങള്‍ കളക്ടറും ദേവസ്വം ചീഫ് എന്‍ജീനിയര്‍ ജോളി ഉല്ലാസും എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി എസ് ജയകുമാറും വിശദമാക്കി. ഇടത്താവള വികസനം, പമ്പയിലെയും നിലയ്ക്കലെയും ശുചിത്വാലയങ്ങള്‍ , ഹൈമാസ്റ്റ് വിളക്ക് എന്നിവ പരിഗണിക്കാവുന്നതാണെന്ന് സംഘം അറിയിച്ചു.

ആദ്യ ഘട്ടമായി 5 കോടി രൂപയും അടുത്ത ഘട്ടങ്ങളിലായി 15 കോടി രൂപവരെയും ചെലവിട്ടുള്ള പദ്ധതികള്‍ ഉടന്‍ തുടങ്ങിയാല്‍ അതിന് പണം കിട്ടുമെന്നും നിലയ്ക്കല്‍ മലിനജല സംസ്‌ക്കരണപ്ലാന്‍്രിനായി പദ്ധതി സമര്‍പ്പിക്കാനും ആവശ്യപ്പെട്ട കേന്ദ്ര സംഘം പമ്പയിലെ നിര്‍ദ്ദിഷ്ട മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് ഇപ്പോഴുള്ളതില്‍ നിന്ന് ശേഷി കൂട്ടാന്‍ സഹായിക്കാമെന്നും ശബരിമല പാതകളുടെ വികസനത്തിനും കേന്ദ്ര പദ്ധതിയില്‍ സഹായിക്കാനാകുമെന്നും അറിയിച്ചിട്ടുണ്ട്.

നിലയ്കകലില്‍ ധ്യാനകേന്ദ്രം സ്ഥാപിക്കാന്‍ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കും വിധം വേണ്ടതെല്ലാം ചെയ്യാനാകും. ഇത് ദേവസ്വം ബോര്‍ഡിന്റെ പദ്ധതിയാണ്. സന്നിധാനത്തെ ശുദ്ധജല ക്ഷാമവും അതിന് കുന്നാര്‍ ഡാമിന്റെ ശേഷി കൂട്ടാന്‍ നടത്തുന്ന ശ്രമങ്ങളും ജോളി ഉല്ലാസ് അറിയിച്ചു. ഇതിന് സഹായം നല്‍കാനും കേന്ദ്ര ടൂറിസം വകുപ്പിന് സാധിക്കും.