ശബരിമലയിലും നടതള്ളല്‍; മനോരോഗികളെ ബന്ധുക്കള്‍ ക്ഷേത്ര പരിസരത്ത് ഉപേക്ഷിക്കുന്നു

തിങ്കള്‍, 5 ജനുവരി 2015 (12:06 IST)
അഗതികള്‍ക്കും അശരണര്‍ക്കും അഭയം നല്‍കുന്ന കലിയുഗവരദനു മുന്നില്‍ മാനസികനില തെറ്റിയവരെ ബന്ധുക്കള്‍ നടതള്ളുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ അലഞ്ഞുതിരിഞ്ഞ രണ്ട് മനോരോഗികളെ കണ്ടെത്തിയതോടെയാണ് ശബരിമലയിലെത്തുന്ന തീര്‍ഥാടനത്തിനെത്തുന്നവര്‍ കാണിക്കുന്ന മനുഷ്യത്ത്വ രഹിതമായ പ്രവണത തെളിഞ്ഞത്. 
 
കണ്ടെത്തിയവരെ അവരുടെ ബന്ധിക്കളെ ഏല്‍പ്പിക്കുനതിനായി അയച്ചിരിക്കുകയാണ്. ഒരു മലയാളിയെയും വിജയവാഡ സ്വദേശിയെയുമാണ് പോലീസ് കണ്ടെത്തി തിരിച്ചയച്ചത്.  ഈ തീര്‍ഥാടന കാലം കഴിഞ്ഞാല്‍ മാത്രമെ ഇനി എത്രയാളുകള്‍ ഇതേ പോലെ ഉപേക്ഷിക്കപ്പെട്ട് തീര്‍ഥാടക പാതയിലുണ്ട് എന്ന് മനസിലാകു. മുംബൈയില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ തലശ്ശേരി സ്വദേശിയെ ശബരിമലയിലേക്കുള്ള യാത്രക്കിടെ അക്രമാസക്തമായതിനേ തുടര്‍ന്ന് വഴിയിലുപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
 
അമ്മമാര്‍ ഉള്‍പ്പെട്ട സംഘത്തിലാണ് ഇയാള്‍ ശബരിമലയില്‍ എത്തിയത് എന്ന് പൊലീസ് വ്യക്തമാക്കി. മയക്കുമരുന്നിന് അടിമയായിരുന്നു 38കാരനായ ഇയാള്‍. കൈകളില്‍ മരുന്ന് കുത്തിവച്ചതിന്റെ അടയാളവും ഉണ്ടായിരുന്നു. മൂന്നു ദിവസം സന്നിധാനം ഗവ. ആസ്പത്രിയില്‍ ചികിത്സിച്ചശേഷം സഹോദരനെ മുംബൈയില്‍ നിന്ന് വിളിച്ചുവരുത്തി ഏല്‍പ്പിക്കുകയായിരുന്നു. വിജയവാഡ സ്വദേശിയായ അന്‍പതുകാരനും അക്രമാസക്തനായിരുന്നു. ഇയാള്‍ക്കും പ്രാഥമിക പരിചരണം നല്‍കിയശേഷം പമ്പയില്‍ എത്തിച്ച് ആന്ധ്രാക്കാരായ തീര്‍ത്ഥാടകരുടെ വണ്ടിയില്‍ ബന്ധുക്കള്‍ക്ക് കൈമാറാന്‍ പോലീസ് ഏല്‍പ്പിക്കുകയായിരുന്നു. 
 
സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതൊടെ കേരളാ പൊലീസിനും ദേവസ്വത്തിനുമാണ് തലവേദനയായിരിക്കുന്നത്. തീര്‍ഥാടന കാലം കഴിഞ്ഞ് ആരെങ്കിലും ഇത്തരത്തില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഇവരെ തിരികെ ബന്ധുക്കളെ ഏല്‍പ്പിക്കുന്നത് ദുഷ്കരമാണ് എന്നതാണ് കാരണം. ഇനി അന്യ സംസ്ഥാനക്കാര്‍ വല്ലതുമാണെങ്കില്‍ ഇവരുടെ സ്ഥലം കണ്ടെത്തുക എന്നത് അസാധ്യവുമാണ്. ചിലപ്പോള്‍  ഇത്തരക്കാര്‍ മടങ്ങിപ്പോകാന്‍ കൂട്ടാക്കുകയുമില്ല.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക