പത്തനംതിട്ട ജില്ലാ ഭരണകൂടവും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പ്ലാസ്റ്റിക് രഹിത ശബരിമല പ്രോജക്ട് കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പ്ലാസ്റ്റിക് രഹിത ശബരിമലയുടെ ഭാഗമായി ളാഹയിലും, കരിമലയിലും വാഹനങ്ങള്‍ വഴി കുടുംബശ്രീയുടേയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവും തുടരും. ഇപ്രകാരം ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പദ്ധതി നടപ്പാക്കാന്‍ ശുചിത്വമിഷനെ ചുമതലപ്പെടുത്തി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നാല്‍പ്പത് സ്ഥലങ്ങളിലായി 76 ഇക്കോഗാര്‍ഡുമാരെ നിയമിച്ചത് ഈ വര്‍ഷം ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ തുടരാന്‍ യോഗം തീരുമാനിച്ചു.
ഇക്കോ ഗാര്‍ഡുമാരുടെ എണ്ണം കൂട്ടുന്ന കാര്യം പരിശോധിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടുപയോഗിച്ച് കഴിഞ്ഞവര്‍ഷം ആറുഭാഷകളില്‍ പ്ലാസ്റ്റിക് രഹിത സന്ദേശങ്ങളടങ്ങിയ റിഫ്‌ളക്ടീവ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡുകളില്‍ ഈ വര്‍ഷം പുതിയ സന്ദേശങ്ങള്‍ നല്‍കാനും, പെട്രോള്‍ പമ്പുകള്‍ വഴി കഴിഞ്ഞവര്‍ഷം നടത്തിയ ബോധവല്‍കരണ ക്യാമ്പയിനുകള്‍ കൂടുതല്‍ പമ്പുകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു.