‘ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടി ആയി’

Webdunia
ബുധന്‍, 21 മെയ് 2014 (16:33 IST)
ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടി ആയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വി എസ് അച്യുതാനന്ദന്റെ വിമര്‍ശനം. കൊല്ലം, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ പരാജയം ആര്‍എസ്പി മുന്നണി വിട്ടതുകൊണ്ടാണെന്നും വി എസ് വിമര്‍ശിച്ചു. ആര്‍എസ്പിയുടെ ആവശ്യങ്ങള്‍ അല്‍പ്പം കൂടി ശ്രദ്ധയോടെ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ മുന്നണിവിട്ടുപോകുന്ന സാഹചര്യമുണ്ടാകുമായിരുന്നില്ലെന്നും വി എസ് പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനത്തിന്മേലുള്ള ചര്‍ച്ച സെക്രട്ടറിയേറ്റില്‍ ഇന്നും തുടരും.
 
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ആര്‍എസ്പി മുന്നണി വിട്ട സംഭവം പരിശോധിക്കണമെന്നായിരുന്നു വി എസിന്റെ വിമര്‍ശനം.
 
രാഷ്ട്രീയനിലപാടുകള്‍ മൂലമല്ല അവര്‍ മുന്നണി വിട്ടത്. അവരുടെ ആവശ്യത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. നേതൃത്വത്തിന് ഇതില്‍ വീഴ്ച വന്നു. ആര്‍എസ്പി മുന്നണി വിട്ടതിനാല്‍ ആലപ്പുഴ, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളില്‍ തിരിച്ചടി ഉണ്ടായെന്നും വിഎസ് കുറ്റപ്പെടുത്തി. ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്നും യോഗത്തില്‍ വിഎസ് ആവശ്യപ്പെട്ടു. 
 
തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ ഗൗരവമായി കാണണമെന്ന പൊതു വികാരമാണ് യോഗത്തില്‍ പൊതുവെ ഉണ്ടായത്. പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെടുന്നതിനേയും ഗൗരവമായി സമീപിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. സെക്രട്ടറിയേറ്റിലെ ചര്‍ച്ച ഇന്നും തുടരും. തുടര്‍ന്ന് സംസ്ഥാനകമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട റിവ്യൂ റിപ്പോര്‍ട്ടിനും യോഗം രൂപം നല്‍കും.