മുക്കുപണ്ടം പണയം വച്ചു 1,20,000 രൂപ തട്ടിയെടുത്ത യുവതി പിടിയിൽ

എ കെ ജെ അയ്യർ
വെള്ളി, 9 ഓഗസ്റ്റ് 2024 (10:20 IST)
തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് 120000 രൂപാ തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ മണമ്പൂര്‍ തൊട്ടിക്കല്ല് ലക്ഷം വീട് കോളനി നിവാസി റസീന ബീവി (45) യാണ് ആറ്റിങ്ങല്‍ പോലീസിന്റെ പിടിയിലായത്. ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷനിലെ ജെ.സി. ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ വ്യാജമായി '916' മുദ്ര പതിപ്പിച്ച 3 മുക്കുപണ്ടം വളകള്‍ പണയം വച്ചാണ് ഇവര്‍ പണം തട്ടിയെടുത്തത്.
 
വ്യാജ തിരിച്ചറിയല്‍ രേഖ നല്‍കി കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവര്‍ പണം തട്ടിയെടുത്തത്. സമാന രീതിയില്‍ ഇവര്‍ക്കെതിരെ പണം തട്ടിയ 30 ഓളം കേസുകള്‍ ആറ്റിങ്ങല്‍, ചിറയിന്‍ കീഴ്, കടയ്ക്കാവൂര്‍,  കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിലവിലുണ്ട്.
 
ഇത്തരത്തിലുള്ള വിദഗ്ദ്ധമായി നിര്‍മ്മിക്കുന്ന മുക്കുപണ്ടം പണയം വച്ചു പണം തട്ടുന്ന സംഘത്തില്‍ പാറശാല സ്വദേശിനിയും ഉണ്ടെന്നു പോലീസ് പറയുന്നു. ആറ്റിങ്ങല്‍ എസ്. എച്ച് ഒ ഗോപകുമാറിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article