കഴിഞ്ഞവര്‍ഷം അപകടത്തില്‍ പെട്ടത് 150 ആംബുലന്‍സുകള്‍; മരണപ്പെട്ടത് 29പേര്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 മെയ് 2024 (14:30 IST)
2023 വര്‍ഷത്തില്‍ ഉണ്ടായ റോഡപകടങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ 150 ആംബുലന്‍സുകളാണ് അപകടത്തില്‍ പ്പെട്ടത്.അതില്‍ 29 പേര്‍ മരണപ്പെടുകയും ,104 പേര്‍ക്ക് ഗുരുതരമായ പരിക്ക് ഉള്‍പെടെ 180 പേര്‍ക്ക് പരിക്കേറ്റതായും മനസിലാക്കാം.ഇത് ഭയപ്പെടുത്തുന്ന കണക്കാണ്. ജീവന്‍ രക്ഷാ വാഹനങ്ങള്‍ കാരണം ജീവന്‍ നഷ്ടപ്പെടുന്നത് അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്.
സാധാരണയായി താഴെ പറയുന്ന സമയങ്ങളിലാണ് നാം ആംബുലന്‍സിനെ ആശ്രയിക്കേണ്ടി വരുന്നത്.
 
1. കിടപ്പ് രോഗികളെ / പ്രായമായവരെ ആശുപത്രി കളിലെത്തിക്കാന്‍
2. ചില രോഗികളെ സ്‌കാനിങ്ങ് പോലുള്ള പരിശോധനയ്ക്ക് കൊണ്ടുപോകാന്‍
3. ഒരു ആശുപത്രിയില്‍ നിന്ന് വിദഗ്ദ്ധ ചികിത്സക്കായി ഡിസ്ചാര്‍ജ് വാങ്ങി കൊണ്ടുപോകാന്‍
4. ചെറിയ വാഹന അപകടങ്ങളില്‍ ഗുരുതരമല്ലാത്ത പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിക്കാന്‍
5. വളരെ വലിയ അപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിക്കാന്‍
6. അത്യാസന്ന നിലയിലുള്ള ഒരാളെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു വലിയ ആശുപത്രിയിലേക്ക് പെട്ടെന്ന് എത്തിക്കാന്‍ .
ഇവയില്‍ അവസാനം സൂചിപ്പിച്ച രണ്ടു കാര്യങ്ങള്‍ക്കൊഴികെ വളരെ പെട്ടെന്ന് എത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ അവസാനം പറഞ്ഞ രണ്ടു അവസരത്തില്‍ വളരെ ശ്രദ്ധയോടും, സൂക്ഷ്മതയോടും കൂടി മാത്രമേ വേഗപരിധി മറികടക്കാനും, വണ്‍വേ തെറ്റിച്ചും, റെഡ് ലൈറ്റ് മറികടന്നുമെല്ലാം വാഹനമോടിക്കാവൂ.
 
കൂടാതെ മൊബൈല്‍ സംസാരിച്ചും, ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചും, നാവിഗേഷന്‍ സംവിധാനത്തില്‍ കൂടെ കൂടെ നോക്കിയും, ഉറക്കക്ഷീണത്തോടെയും വാഹനമോടിച്ചാല്‍ വലിയ ദുരന്തത്തിലേക്ക് ചെന്നെത്തും എന്നു മനസ്സിലാക്കുക. ഒരു ജീവന്‍ രക്ഷിക്കാനുള്ള മരണപ്പാച്ചലില്‍ അനേകമാളുകളുടെ ജീവന് ഭീഷണിയാകാതിരിക്കാനുള്ള ഉത്തരവാദിത്തം എമര്‍ജന്‍സി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍