സംസ്ഥാനസര്‍ക്കാരിന് താല്പര്യമില്ലെങ്കില്‍ രാജി വെക്കാന്‍ തയ്യാറാണെന്ന് പ്രയാര്‍ ഗോപാലകൃഷ്‌ണന്‍

വെള്ളി, 19 ഓഗസ്റ്റ് 2016 (10:50 IST)
സംസ്ഥാന സര്‍ക്കാരിന് താല്പര്യമില്ലെങ്കില്‍ രാജി വെക്കാന്‍ തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണൻ. നിലവിലുള്ള ഭരണസമിതിയെ ഒഴിവാക്കി മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളവരെ നിയമിക്കാം. തന്റെ ഭരണകാലത്ത് വിവാദമായ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല. എത്ര കാലം പദവിയില്‍ ഇരിക്കുന്നു എന്നതല്ല പ്രധാനം. ഇരിക്കുന്ന സമയത്തെ പ്രവൃത്തിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
 
ഇന്നലെ നടന്ന ശബരിമല അവലോകന യോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചെറുതായി കൊമ്പുകോര്‍ത്തതിന്റെ പിന്നാലെയാണ് പ്രയാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. മന്ത്രി ജി സുധാകരന്‍ തനിയ്ക്കെതിരെ അഭിപ്രായം പറഞ്ഞതിന്റെ ലക്ഷ്യം തന്നെ ഒഴിവാക്കുക എന്നതാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പ്രയാര്‍ വ്യക്തമാക്കി.
 
ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങളില്‍ കൈകടത്താന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പല നിലപാടുകളും അംഗീകരിക്കാന്‍ ഭക്തജനങ്ങള്‍ക്ക് കഴിയില്ല. ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് വഴിപാട് നിരക്ക് കൂട്ടിയതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അത് കുറയ്ക്കാന്‍ തയ്യാറാണെന്നും പ്രയാര്‍ അറിയിച്ചു.
 
ശബരിമല ദര്‍ശനത്തിന് പാസ് ഏര്‍പ്പെടുത്തണമെന്നും തിരക്കു കുറയ്ക്കുന്നതിന് ക്ഷേത്രം ദിവസവും തുറക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് ഇന്നലെ നിലയുറപ്പിച്ചിരുന്നു.

(ചിത്രത്തിനു കടപ്പാട് - മീഡിയ വണ്‍ ടിവി)

വെബ്ദുനിയ വായിക്കുക