കോഴ ആരോപണത്തില്‍ അന്വേഷണം നേരിടാന്‍ തയാറെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അത് തെളിയിക്കാനുള്ള ബാധ്യതയുമുണ്ട്. മുഖ്യമന്ത്രിക്ക് ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ല. ഏത് അന്വേഷണത്തിനും തയാറാണെന്നും മാണി വ്യക്തമാക്കി.
50 വര്‍ഷത്തെ രാഷ്ടീയ ജീവിതത്തിനിടെ ഉണ്ടാകാത്ത ആരോപണം വയസനാം കാലത്ത് ഉണ്ടായതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അതുകൊണ്ട് കേരള കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കാമെന്ന് ആരെങ്കിലുംകരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണ്.
ബാറുകള്‍ തുറപ്പിക്കാന്‍ വേണ്ടി ബാറുടമകളില്‍ നിന്ന് മാണി പണം വാങ്ങിയെന്നാണ് ആരോപണം. മാണി അന്ചുകോടി രൂപ ആവശ്യപ്പെട്ടു എന്നും ബാറുടമകള്‍ ഒരുകോടി രൂപ നല്കിയെന്നും ബാറുടമകളുടെ അസോസിയേഷന്‍ നേതാവായ ഡോ ബിജു രമേശ് ആരോപിച്ചിരുന്നു.
മാണിയുടെ പാലായിലെ വീട്ടിലെത്തി രണ്ടു ഗഡുക്കളായാണ് പണം കൈമാറിയതെന്നും ബിജു രമേശ് ആരോപിച്ചു. എന്നാല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുകയും കോടതി ഇടപെടുകയും മറ്റും ചെയ്തതോടെ ബാക്കി തുക മാണിക്ക് നല്കാന്‍ ബാറുടമകള്‍ തയ്യാറായില്ല. നല്കിയ ഒരുകോടിയെപ്പറ്റി പിന്നീട് മാണി നിഷേധിക്കാന്‍ ശ്രമിച്ചു എന്നും എന്നാല്‍ തെളിവുകളും ഡേറ്റുകളും സഹിതം വെളിപ്പെടുത്തിയപ്പോള്‍ ' അതൊക്കെ ചെലവായിപ്പോയി' എന്ന് മാണി പറഞ്ഞു എന്നും ബിജു രമേശ് വെളിപ്പെടുത്തി.