റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എന്‍ട്രിയിലുണ്ടായ തെറ്റ് തിരുത്തുന്നതിനായി ഒക്ടോബര്‍ 20 വരെ ഡാറ്റാ എന്‍ട്രി പ്രിന്റൗട്ടുകള്‍ റേഷന്‍ കടകളില്‍ അഞ്ച് ദിവസം പരിശോധനക്ക് ലഭിക്കും. കാര്‍ഡുടമകള്‍ക്ക് പ്രിന്റൗട്ട് പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തി നല്‍കാം. തെറ്റായ രേഖപ്പെടുത്തല്‍ വട്ടമിട്ട് മുകളില്‍ ശരിയായ വിവരം രേഖപ്പെടുത്തണം. ഓണ്‍ലൈനായി തിരുത്തിയിട്ടുളളവര്‍ വീണ്ടും തിരുത്തല്‍ വരുത്തേണ്ട ആവശ്യമില്ല.
എന്നാല്‍ പുതിയ വാര്‍ഡിന്റെ പേര്, വാര്‍ഡിന്റെ നമ്പര്‍, വീട്ട് പേര് 2015 ജനുവരി ഒന്നിന് രണ്ട് വയസ് തികഞ്ഞ കുട്ടിയുണ്ടെങ്കില്‍ ആ വിവരം, കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ലഭ്യമായിട്ടുളളതോ, ജോലിയില്‍ നിന്ന് വിരമിച്ചിട്ടുളളതോ ആയ വിവരം എന്നിവ പുതിയതായി ഉള്‍പ്പെടുത്താം. പ്രിന്റൗട്ട് പരിശോധിച്ച വിവരം കാര്‍ഡുടമകള്‍ സാക്ഷ്യപ്പെടുത്തണം. കാര്‍ഡുടമ, കാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രായപൂര്‍ത്തിയായ അംഗം, കാര്‍ഡുടമ ചുമതലപ്പെടുത്തുന്ന വ്യക്തി എന്നിവര്‍ക്ക് പ്രിന്റൗട്ട് പരിശോധിച്ച് തിരുത്തല്‍ വരുത്താം.
കാര്‍ഡുടമകള്‍ പരിശോധിച്ച് നല്‍കുന്ന പ്രിന്റൗട്ടുകളുടെയും ഓണ്‍ലൈനില്‍ ലഭ്യമായ തിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കും. ഓരോ റേഷന്‍ കടകളിലും ഫോറം വിതരണം ചെയ്യുന്ന തീയതി മാധ്യമങ്ങളിലൂടെ അതത് ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ അറിയിക്കും. കാര്‍ഡുടമകള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.