റേഷൻ കാർഡ് : മസ്റ്ററിംഗ്‌ പൂർത്തിയാക്കണം, ഇല്ലെങ്കിൽ ഏപ്രിലിൽ റേഷൻ ലഭിക്കില്ല

എ കെ ജെ അയ്യർ
ചൊവ്വ, 5 മാര്‍ച്ച് 2024 (12:15 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ പിങ്ക് (പി.എച്ച്.എച്ച്), മഞ്ഞ (എ.എ.വൈ) റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും മാർച്ചിനുള്ളിൽ മസ്റ്ററിംഗ്‌ പൂർത്തിയാക്കണമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. അങ്ങനെ മസ്റ്ററിംഗ്‌ പൂർത്തിയാക്കാത്തവർക്ക് ഏപ്രിൽ ഒന്ന് മുതൽ റേഷൻ അനുവദിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം.
 
അതെ സമയം മസ്റ്ററിംഗ്‌ നടപടികൾ പൂർത്തിയാക്കാനായി കൂടുതൽ സമയം അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഇതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചത്. ആയതിനാൽ മസ്റ്ററിംഗുമായി ജനം സഹകരിക്കണമെന്നും ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ ആവശ്യപ്പെട്ടു. ഇത്തരമൊരു അടിയന്തര സാഹചര്യം കണക്കിൽ എടുത്തു റേഷൻ കടകൾക്ക് അനുവദിച്ചിരിക്കുന്ന ഉച്ചയ്ക്കുള്ള ഒഴിവു സമയവും ഞായറാഴ്ചത്തെ ഒഴിവും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
 
പുതുക്കിയ രീതി അനുസരിച്ചു മാർച്ച് പതിനെട്ടു വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നര മുതൽ വൈകിട്ട് നാല് വരെയും ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ ഒമ്പതു മുതൽ വൈകിട്ട് ഏഴു വരെയും മസ്റ്ററിംഗ്‌ ഉണ്ടായിരിക്കും എന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
 
റേഷൻ കാർഡ് അംഗങ്ങൾ എല്ലാവരും അവരവരുടെ റേഷൻ കടകളിൽ നേരിട്ടെത്തി ആധാർ കാർഡും റേഷൻ കാർഡുമായി സമയത്തിനുള്ളിൽ മസ്റ്ററിംഗ്‌ പൂർത്തിയാക്കണം. മസ്റ്ററിംഗ്‌ പൂർത്തിയാക്കുന്നതിനായി മാർച്ച 15, 16, 17 തീയതികളിൽ റേഷൻ കടകളിൽ ഭക്ഷ്യധാന്യ വിതരണം ഉണ്ടാവില്ല. ഈ ദിവസങ്ങളിൽ രാവിലെ ഒമ്പതു മണി മുതൽ വൈകിട്ട് ഏഴു മണിവരെയും മാസ്റ്ററിംഗ്‌ നടത്താം. ഇതിനൊപ്പം മാസ്റ്ററിംഗിന്റെ അവസാന ദിവസമായ മാർച്ച് പതിനെട്ടിന് സംസ്ഥാനത്തെ ഏതു റേഷൻ കാർഡ് അംഗത്തിനും സംസ്ഥാനത്തെ ഏതു റേഷൻ കടയിലും മസ്റ്ററിംഗ്‌ നടത്താമെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

Next Article