കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെയിൽ ബലാത്സംഗത്തിന് ഇരയായത് 6293 സ്ത്രീകൾ. സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്. മറ്റ് ലൈംഗിക അതിക്രമങ്ങൾക്കിരയായിരിക്കുന്നത് 201206 പേരാണ്.
ഏറ്റവും കൂടുതൽ പീഡനങ്ങൾ നടക്കുന്നത് തിരുവനന്തപുരത്തും (899) ഏറ്റവും കുറവ് പത്തനംതിട്ട (265)ജില്ലയിലുമാണ്. 2016ൽ മാർച്ച് മാസം വരെയുള്ള കണക്കെടുത്താൽ 375 സ്ത്രീകളാണ് ബലാത്സംഗത്തിനിരയായിരിക്കുന്നത്. അതും വെറും മൂന്ന് മാസത്തിനുള്ളിൽ. പീഡനത്തിനെതിരെ ബോധവത്കരണ ക്ലാസുകളും ക്യാമ്പുകളും നടത്തുന്നുണ്ടെങ്കിലും അതിക്രമത്തിന് യാതോരു മാറ്റവുമില്ല.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയ്ക്ക് ഉണ്ടായ ബലാത്സംഗ കേസുകളിൽ രജിസ്റ്റർ ചെയ്തതിന്റെ കണക്കുകൾ മാത്രമാണ്. ഏകദേശം ഇതിന്റെ കാൽഭാഗം രജിസ്റ്റർ ചെയ്യാത്ത സംഭവങ്ങൾ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അഞ്ചു വർഷത്തിനിടെ ഉണ്ടായ പീഡനക്കേസുകൾ ഇപ്രകാരമാണ്. 1132 (2011), 1019 (2012), 1221 (2013), 1283 (2014), 1263 (2015), മറ്റ് ലൈംഗിക അതിക്രമങ്ങൾ : 3756 (2011), 3735 (2012), 4362 (2013), 4357 (2014), 3991 (2015) എന്നിങ്ങനെയാണ്.