ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അഭിവാദ്യം ചെയ്യാത്തതിന്റെ പേരില്‍ വിവാദനായകനായി തീര്‍ന്ന ഋഷിരാജ് സിംഗിനെതിരെ കോൺഗ്രസ് മുഖപത്രം വീക്ഷണം. ഋഷിരാജിനെന്താ കൊമ്പുണ്ടോ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് അദ്ദേഹത്തിനെതിരെ വീക്ഷണം ആഞ്ഞടിച്ചത്. ആഭ്യന്തരമന്ത്രിയോട് അദ്ദേഹം കാണിച്ച അനാദരവ് ജനപ്രതിനിധികളോടും ജനാധിപത്യ വ്യവസ്ഥയോടും കാണിക്കുന്ന അവഹേളനമാണ്. മര്യാദകേടിന് കാണിച്ച ഋഷിരാജ് അതിന് നൽകിയ ന്യായീകരണവും ധിക്കാരം നിറഞ്ഞതാണെന്നും മുഖപത്രത്തില്‍ പറയുന്നു.
അഹങ്കാരം തൊപ്പിയും മീശയും വെച്ചാൽ താനായി തീരുമെന്ന് ഋഷിരാജ് സിംഗ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. മര്യാദകേടിന് മകുടം ചാർത്താൻ അദ്ദേഹം വിളമ്പിയ ന്യായീകരണം അതിലേറെ ധിക്കാരം തുളുമ്പുന്നതാണ്. ഭരണഘടന പരതിയോ പൊലീസ് മാന്വൽ പരിശോധിച്ചോ പ്രോട്ടോകോൾ തിട്ടപ്പെടുത്തിയോ അല്ല ഇന്നോളം ഈ മര്യാദ പ്രകടിപ്പിച്ചു പോന്നത്. ധിക്കാരിയായ ഋഷിരാജ് സിംഗിന് മാത്രം കൊമ്പുണ്ടാകുന്നതും അത് വകവെച്ചു കൊടുക്കുന്നതും അംഗീകരിക്കാനാവില്ലെന്നും വീക്ഷണം പറയുന്നു.
ആർക്കുമില്ലാത്ത കൊമ്പ് ഋഷിരാജ് സിംഗിന് ഉണ്ടെങ്കിൽ അത് മുറിച്ചേ മതിയാവൂ. അദ്ദേഹത്തിന്റെ മര്യാദകേട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ടെങ്കിൽ സംസ്ഥാന പൊലീസ് സേന ഈ നടപടിയിൽ ലജ്ജിച്ചു തലതാഴ്ത്തുകയാണ്. പൊലീസ് സേനയിൽ നടന്ന ഇളക്കി പ്രതിഷ്ഠയിൽ ഉദ്ദേശിച്ച കസേര കിട്ടാത്തതാണ് സിംഗിന്റെ പുതിയ കുറുമ്പിനും ഇടച്ചിലിനും കാരണം. അല്ലറ ചില്ലറ നിക്ഷിപ്ത താൽപര്യങ്ങളും രാഷ്ട്രീയത്തിലെ ഗോഡ്ഫാദർമാരെയും കാക്കുന്നയാളുമാണ് സിംഗ്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനോടുള്ള വിധേയത്വമായിരുന്നു മൂന്നാർ ഓപ്പറേഷൻ കാലത്ത് മൂന്ന് പൂച്ചകളിൽ മീശവെച്ച പൂച്ചയാകാൻ ഋഷിരാജ് സിംഗിനെ സഹായിച്ചതെന്നും വീക്ഷണം പറയുന്നു.