കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫ് നടത്തിയ ഹർത്താൽ വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമാധാനപരമായി നടന്ന ഹർത്താൽ ജനം ഏറ്റെടുത്തു. പൊലീസിനെ ഉപയോഗിച്ച് ഹര്‍ത്താല്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹർത്താൽ പൂർണവും സമാധാനപരവുമായിരുന്നു. ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് ഹർത്താലിനെ താറടിച്ചു കാണിക്കാൻ നീക്കം നടക്കുന്നുണ്ട്. അനാവശ്യമായി പൊലീസിനെ വിന്യസിച്ച് പ്രകോപനമുണ്ടാക്കാനാണ് സർക്കാർ ശ്രമിച്ചത്. വാഹനങ്ങൾ തടഞ്ഞത് അക്രമമാണെന്ന് ഊതിപ്പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് വികസനമില്ല, ഭരണ സ്തംഭനമാണ് നടക്കുന്നത്. ജിഎസ്ടി നയം മൂലം അനിയന്ത്രിത വിലകയറ്റമാണ് ഉണ്ടായിരിക്കുന്നത്. അതിനിടെയിലും പെട്രോള്‍ നികുതി ഒഴിവാക്കാന്‍ രണ്ടു സര്‍ക്കാരുകളും തയ്യാറാകുന്നില്ലെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
അതേസമയം, ഹർത്താലില്‍ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായ അക്രമമാണ് നടത്തിയത്. സമരക്കാർ പലയിടത്തും സ്വകാര്യ വാഹനങ്ങൾ അടക്കമുള്ളവ തടഞ്ഞു. കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കടകളും മാളുകളും കൂട്ടമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ചു. ചില ഇടങ്ങളില്‍ പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പൊലീസിന് ലാത്തി വീശേണ്ടിവന്നു.