സംസ്ഥാന ധനമന്ത്രിക്ക് ഇപ്പോള്‍ കിലുക്കത്തിലെ ‘കിട്ടുണ്ണി’യുടെ അവസ്ഥ; പരിഹാസവുമായി ചെന്നിത്തല

Webdunia
വ്യാഴം, 4 ജനുവരി 2018 (15:54 IST)
സമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് പദ്ധതികളൊന്നും നടക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുന്നതിലുള്ള കെടുകാര്യസ്ഥതയും സംസ്ഥാന സർക്കാരിന്റെ ധൂർത്തും മൂലമാണ് സംസ്ഥാനം ഈ നിലയിലെത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
 
കഴിഞ്ഞ രണ്ടുമാസമായി ട്രഷറികളിൽ പണമില്ല. മുൻ സർക്കാരുകൾ ക്ഷേമപ്രവർത്തനങ്ങള്‍ നടത്തുന്നതിനു വേണ്ടി കടമെടുത്തിട്ടുണ്ടായിരുന്നെങ്കിലും ഇപ്പോൾ പണമില്ലാത്തതിനാൽ ഭരണംതന്നെ സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി ലോട്ടറിയാകുമെന്ന് കരുതിയ ധനമന്ത്രി തോമസ് ഐസക്കിന് ഇപ്പോൾ കിലുക്കത്തിലെ ഇന്നസന്റിന്റെ അവസ്ഥയാണെന്നും ചെന്നിത്തല പരിഹസിച്ചു. 
 
ദേശീയതലത്തിൽ രാജ്യത്തിനു തന്നെ ഭീഷണി ഉയർത്തുന്ന ബിജെപിക്കും ആർഎസ്എസിനുമെതിരെ മതേതര ജനാധിപത്യ ബദൽ സൃഷ്ടിക്കുന്നതിനായി കോൺഗ്രസ് ശ്രമിക്കുമ്പോൾ അതിനു തുരങ്കംവയ്ക്കാനാണ് കേരളത്തിലെ സിപിഎം ശ്രമിക്കുന്നത്. ഫലത്തിൽ അത് ബിജെപിയെ സഹായിക്കുന്ന നടപടിയാണെന്നും ചെന്നിത്തല ആരോപിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article