മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതു നട്ടാൽ കുരുക്കാത്ത നുണയാണെന്ന് അദ്ദേഹം ആരോപിച്ചു. യോഗത്തിൽ ഫീസ് കുറയ്ക്കാമെന്നു മാനേജ്മെന്റുകള്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ തനിക്കും പ്രശ്നമില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ പിന്നീടു ചർച്ചക്കെത്തിയ മാനേജ്മെൻറ് പ്രതിനിധികളോട് മുഖ്യമന്ത്രി കയർത്താണ് സംസാരിച്ചത്. വളരെ യോജിപ്പോടെ തീരേണ്ട സ്വാശ്രയ സമരം അട്ടിമറിച്ചതിന്റെ മുഖ്യ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ മുഴുവൻ കരാറും മാറ്റുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ആദ്യമെടുത്ത നിലപാടുകളില്‍ നിന്ന് കരണം മറിയുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇത്തരമൊരു കരണം മറിച്ചിലിലൂടെ അദ്ദേഹം സഭയെപ്പോലും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ നിഷേധാത്മക സമീപനം കൊണ്ട് മാനേജ്മെന്റ് പ്രതിനിധികൾക്ക് സംസാരിക്കാൻ സാധിച്ചില്ല. വകുപ്പ്സെക്രട്ടറിയേയും ആരോഗ്യമന്ത്രിയേയും മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തുയെന്നും ചെന്നിത്തല ആരോപിച്ചു.