മണിയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Webdunia
ശനി, 19 മാര്‍ച്ച് 2016 (04:22 IST)
കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് കെ എസ് എ ഫ്ഡി സി ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കുടുംബം ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും അന്വേഷണത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കലാഭവന്‍ മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മണിയുടെ ഭാര്യ നിമ്മി വ്യക്തമാക്കി. കുടുംബബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ബിയർ കഴിക്കുമെന്നാണ് മണി തന്നോട് പറഞ്ഞിട്ടുള്ളത്. ഫെബ്രുവരി 20നു ശേഷം മണി വീട്ടിലേക്ക് വന്നിട്ടില്ല. വീട്ടിൽ വരുന്നില്ലെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. അവസാനമായി മണിയെ കണ്ടതും ഫെബ്രുവരി ഇരുപതിനാണെന്നും നിമ്മി പറഞ്ഞു.

ഒരിക്കല്‍ മഞ്ഞപ്പിത്തം വന്നശേഷം മദ്യപാനം നിര്‍ത്തിയെന്നാണ് തന്നോട് പറഞ്ഞിരുന്നത്. വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നില്ല. പരിസരവാസികളോടോ ബന്ധുക്കളോടോ അന്വേഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മണിക്ക് ശത്രുക്കളുണ്ടോയെന്ന് അറിയില്ലെന്നും കുടുംബാംഗങ്ങളെല്ലാം വിലക്കിയിട്ടും സുഹൃത്തുക്കള്‍ മണിക്ക് മദ്യം നല്‍കിയിരുന്നുവെന്നും നിമ്മി വെളിപ്പെടുത്തി.

പിറന്നാള്‍ ദിനമായ ജനുവരി ഒന്നിനും അതിനു ശേഷം വിവാഹവാര്‍ഷികത്തിനും വീട്ടിലെത്തിയിരുന്നു. പിറന്നാള്‍ ആഘോഷം ഔട്ട് ഹൗസ് ആയ പാഡിയിലായിരുന്നു. അതില്‍ പങ്കെടുത്തിരുന്നു. കേക്ക് മുറിക്കലും മധുരം പങ്കിടലും പ്രാവിനെ പറത്തലുമുണ്ടായിരുന്നു. അതില്‍ തങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഫെബ്രുവരി നാലിന് വിവാഹവാര്‍ഷികത്തിന് പുറത്തു പലയിടത്തും പോയി ആഘോഷിച്ചിരുന്നു. പാഡിയിൽ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്ന് അറിയില്ല. മണിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീക്കണം. ഇപ്പോൾ നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും നിമ്മി പറഞ്ഞു.