റേഡിയോ ജോക്കിയുടെ മരണം; ക്വട്ടേഷന്‍ തന്നെയെന്ന് പൊലീസ്, ഒന്നാം പ്രതി സത്താര്‍

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (08:37 IST)
റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താർ നൽകിയ ക്വട്ടേഷനാണെന്നു ഉറപ്പിച്ച് പൊലീസ്. റൂറൽ എസ്പി: പി.അശോക്‌ കുമാർ ഇക്കാര്യം അറിയിച്ചു. കേസിലെ ഒന്നാം പ്രതി സത്താറാണ്. 
 
സാമ്പത്തിക കേസുമായി ബന്ധപ്പെട്ടു ഖത്തറിൽ യാത്രാവിലക്കുള്ള സത്താറിനെ അറസ്റ്റ് ചെയ്യാനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകും. സത്താറിന്റെ ഭാര്യയും രാജേഷിന്റെ സുഹൃത്തുമായ വനിതയെയും ആവശ്യമ‌െങ്കിൽ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
 
കേസിലെ മുഖ്യപ്രതി അലിഭായ് എന്ന് വിളിക്കുന്ന സാലിഹ് ബിൻ ജലാൽ കുറ്റം സമ്മതിച്ചതോടെയാണ് പൊലീസിന് കാര്യങ്ങള്‍ എളുപ്പമായത്. വിദേശത്തുള്ള തന്റെ സുഹൃത്ത് അബ്ദുള്‍ സത്താറിനു വേണ്ടിയാണ് കൊലപാതകം നടത്തിയത്. കുടുംബജീവിതം തകര്‍ത്തതാണ് വൈരാഗ്യത്തിന് കാരണമെന്നും അലിഭായ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
 
രാജേഷും സത്താറിന്റെ മുൻ ഭാര്യയും തമ്മിലുള്ള ബന്ധമാണു കൊലയിലേക്കു നയിച്ചത്. ഈ ബന്ധം മുതലെടുത്ത് നൃത്താധ്യാപികയില്‍ നിന്നും രാജേഷ് പലപ്പോഴും പണം വാങ്ങിയിരുന്നു. പണം തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ടും തര്‍ക്കം നിലനിന്നിരുന്നുവെന്നും അലിഭായ് വ്യക്തമാക്കി.
 
തന്‍റെ സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. തന്‍റെ നേതൃത്വത്തിലാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം കൊല്ലം, കരുനാഗപ്പള്ളി ഭാഗങ്ങളില്‍ ആയുധം ഉപേക്ഷിച്ചുവെന്നും അലിഭായ് പൊലീസിനോട് പറഞ്ഞു.
 
കൃത്യം നടത്തുന്നതിനായി ഖത്തറിൽ നിന്ന് നാട്ടിലെത്താൻ വിമാന ടിക്കറ്റിന് പണം നൽകിയത് സത്താറാണ്. തനിക്ക് വിദേശത്ത് ജോലി നൽകിയതും അദ്ദേഹമാണ്. ഈ കൂറുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും അലിഭായ് പൊലീസിനോട് സമ്മതിച്ചു.
 
രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു രാവിലെ കസ്റ്റഡിയിലെടുത്ത അലിഭായിയുടെ അറസ്റ്റു രേഖപ്പെടുത്തി. പൊലീസ് ഇയാളുടെ വിസ റദ്ദാക്കുന്നതിനു ശ്രമച്ചതിനെ തുടര്‍ന്ന് അലിഭായ് തിരിച്ച് നാട്ടിലെത്തിയത്. കൊലപാകതത്തിന് ശേഷം അലിഭായ് കാഠ്മണ്ഡു വഴി ഖത്തറിലേക്ക് രക്ഷപ്പെടുകയായിരുന്നു.
 
ഖത്തറിൽ അലിഭായി നടത്തുന്ന ജിംനേഷ്യത്തിന്‍റെ ഉടമയാണ് സത്താര്‍. മൂന്ന് മാസം മുമ്പാണ് ഇയാള്‍ യുവതിയില്‍ നിന്നും വിവാഹ മോചനം നേടിയത്. ഇതിനു ശേഷം യുവതി രാജേഷുമായി അടുത്ത ബന്ധം പുലര്‍ത്തി വരുകയായിരുന്നു.
 
മടവൂർ ജംക്‌ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റിക്കോർഡിങ് സ്റ്റുഡിയോയിൽ മാർച്ച് 27ന് പുലർച്ചെയാണു രാജേഷ് കൊല്ലപ്പെട്ടത്. കയ്യിലും കാലിലുമായി പതിനഞ്ചു വെട്ടുകളാണ് ഉണ്ടായിരുന്നത്. രക്തം വാർന്നാണു മരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article