ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സാക്ഷിമൊഴി കള്ളം? എല്ലാം പൊലീസിന്റെ തട്ടിക്കൂട്ട് നാടകം?- പരാതിക്കാര്‍ മൊഴി മാറ്റുന്നുവെന്ന് പൊലീസ്

ബുധന്‍, 11 ഏപ്രില്‍ 2018 (10:33 IST)
വാരാപ്പുഴയില്‍ യുവാവിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസ് പറഞ്ഞ് സാക്ഷിമൊഴി കള്ളമെന്ന് സൂചന. പൊലീസിന്റെ സാക്ഷിമൊഴി വ്യാജമാണെന്ന് സാക്ഷിമൊഴി നല്‍കിയെന്ന് പൊലീസ് അവകാശപ്പെടുന്ന പരമേശ്വരന്‍ പറഞ്ഞു. 
 
വാസുദേവനെ മര്‍ദ്ദിച്ചത് ശ്രീജിത്തും സംഘവുമാണ് താന്‍ പറഞ്ഞിട്ടില്ലെന്ന് പരമേശ്വരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്രീജിത്ത് വാസുദേവനെ മര്‍ദിക്കുന്നത് കണ്ടിട്ടില്ലെന്നും പരമേശ്വരന്‍ പറഞ്ഞു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് പരമേശ്വരന്‍. താന്‍ പൊലീസിനെ പോയി കാണുകയോ പൊലീസ് തന്നെ വന്നു കാണുകയോ ചെയ്തിട്ടില്ലെന്ന് പരമേശ്വരന്‍ പറഞ്ഞു.  
 
ശ്രീജിത്തിന്റെ മരണത്തില്‍ പൊലീസ് പ്രതിരോധത്തില്‍ ആയിരിക്കുന്നതിനിടെയിലാണ് വാസുദേവന്റെ കൊലപാതകത്തിലെ സാക്ഷിമൊഴി കെട്ടിച്ചമച്ചതാണെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ശ്രീജിത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസിനെതിരെയായിരുന്നു.
 
അതേസമയം, പരാതിക്കാര്‍ മൊഴി മാറ്റി പറയുകയാണെന്ന് പൊലീസ് ഇന്നലെ പറഞ്ഞിരുന്നു. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ പേര് പരാതിയിലും മൊഴികളിലുമുണ്ടെന്ന് പറവൂര്‍ സിഐ ജി.എസ്.ക്രിസ്പിന്‍ സാം പറഞ്ഞു. ആളുമാറിയാണ് അറസ്റ്റ് ചെയ്തതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പൊലീസിന്റെ വാദം. ശ്രീജിത്തിന് മര്‍ദനമേറ്റത് മരിച്ച വാസുദേവന്റെ വീട്ടിലുണ്ടായ അടിപിടിക്കിടെയാണെന്നും പൊലീസ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍