സംസ്ഥാനത്ത് ഇനി കനത്ത മഴ ഉണ്ടാകില്ലെന്നും ചാറ്റൽ മഴ മാത്രമേ ഉണ്ടാകൂ എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും നിലവിലുളള ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ തീവ്രമായ മഴ ഉണ്ടാകാത്തത് ആശ്വാസകരമാണ്.
എന്നാൽ, സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ നേരിട്ട എറണാകുളം, തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിൽ നിരവധിപേർ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സര്‍വകക്ഷിയോഗം നാളെ ചേരും.
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്‌ക്ക് കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാൽ, അധിക ജലം ഒഴുക്കാൻ ആനത്തോട്, കൊച്ചു പമ്പ ഡാമുകളുടെ ഷട്ടർ തുറക്കുന്നതിനാല്‍ പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് അതിതീവ്ര മഴ ഉണ്ടാകാത്തതും ആശ്വാസകരമാണ്. ഇനി ചെങ്ങന്നൂരിൽ പാണ്ടനാട്, വെൺമണി, ഇടനാട് തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് പ്രധാനമായും ജനങ്ങൾക്ക് സുരക്ഷ വേണ്ടത്. ഈ സ്ഥലങ്ങളിൽ പലരും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. എറണാകുളം ജില്ലയില്‍ പറവൂർ, പൂവത്തുശേരി, കുത്തിയതോട് എന്നിവിടങ്ങളില്‍ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടപ്പുണ്ട്. ഇവരെ രക്ഷിക്കാൻ ഇപ്പോഴും ശ്രമങ്ങൾ തുടരുകയാണ്.