കേരളത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത

Webdunia
ശനി, 21 ജൂണ്‍ 2014 (15:17 IST)
സംസ്ഥാനത്തിന്‍െറ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കേരളത്തിലെയും ലക്ഷദ്വീപിലെയും തുറമുഖങ്ങളില്‍ മൂന്നാം നമ്പര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മൂന്നു വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു.

കീരിത്തോടിനു സമീപമാണ് ഉരുള്‍പൊട്ടല്‍ നടന്നത്. ജില്ലയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഇരുമ്പുപാലത്തിന് സമീപം മണ്ണിടിഞ്ഞ് നേര്യമംഗലം-കട്ടപ്പന സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. മഴ ഇനിയും കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.