തെക്കന്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ‘ഓഖി’ ചുഴലിക്കാറ്റ് ജനങ്ങളെ ഭീതിയിലാക്കുന്നു. കൂടൂതല്‍ ശക്തിപ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തുനിന്ന് 150 കിലോമീറ്റർ അകലെ തെക്കുപടിഞ്ഞാറൻ മേഖലയിലൂടെയാണ് കാറ്റിന്റെ സഞ്ചാരം.
സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതിനിടെ വരും ദിവസങ്ങളില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാഗർകോവിൽ, കന്യാകുമാരി എന്നീ മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പാറശ്ശാലയിലെ കലോത്സവ വേദി ഇന്നലെ തകര്‍ന്നു വീണു. തലനാരിഴക്കാണ് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത്. ന്യൂന മര്‍ദം കാരണമാണ് മഴ കനക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചത്. തീര ദേശത്തുള്ളവര്‍ക്കും മത്സ്യ ബന്ധന ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, സുനാമിക്ക് സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. കനത്ത മഴയെ തുടര്‍ന്ന് തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതു നിമിഷം വേണമെങ്കിലും ഉയര്‍ത്തിയേക്കും. കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇടുക്കിയിലെ പലയിടത്തും കനത്ത കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്.