ഒരു നാട്ടില്‍ ഒരു ഭരണകൂടം ഉണ്ടെന്നത് ഇത്രയും നല്ലതരത്തില്‍ അനുഭവപ്പെട്ട മുഹൂര്‍ത്തങ്ങള്‍ അപൂര്‍വ്വമല്ലേ ഉണ്ടാകാറുള്ളൂ? - ശ്രീജിത്ത് ദിവാകരന്‍ ചോദിക്കുന്നു

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (19:03 IST)
വെള്ളപ്പൊക്കവും അതിന്‍റെ ദുരിതവും ആരും ആഗ്രഹിക്കുന്നതല്ല. അത് പ്രകൃതി കോപിക്കുന്നതാണ്. മനുഷ്യര്‍ അതിനെ തരണം ചെയ്യാന്‍ വേണ്ടി പോരാടുന്നു. അവസാനത്തെ ഊര്‍ജ്ജം വരെ അതിനായി നല്‍കുന്നു. കേരളത്തില്‍ ഇപ്പോല്‍ അതാണ് കാണുന്നത്. അതിജീവനത്തിനായുള്ള പോരാട്ടം. അതിനുവേണ്ടി കൈമെയ് മറന്ന് പ്രയത്നിക്കുകയാണ് ഒരു ജനത. എന്നാല്‍ ആ രക്ഷാദൌത്യങ്ങളെയും അവഹേളിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നുണ്ട് ചിലര്‍. അത് ചൂണ്ടിക്കാട്ടുകയാണ് ഡൂള്‍ ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററായ ശ്രീജിത് ദിവാകരന്‍.
 
ശ്രീജിത് ദിവാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
 
അയല്‍പക്കത്ത് ഒരു ദുരന്തമുണ്ടായാല്‍ വേലിപൊളിച്ചതും തെറിവിളിച്ചതും തുണിപൊക്കികാണിച്ചതും പോലീസ് കേസ് കൊടുത്തതും എല്ലാം മറന്ന് സാധാരണ മനുഷ്യര്‍ ഓടിച്ചെല്ലും. അവിടത്തെ ദുഖത്തില്‍ കൂടെ കരയും. ചെയ്യാവുന്ന സഹായം ചെയ്തു കൊടുക്കും. അത് സാധാരണ മനുഷ്യര്‍.
 
പക്ഷേ, അയല്‍പക്കത്ത് ഒരു ചോരക്കുഞ്ഞ് മരിച്ചാലും പൊട്ടിച്ചിരിച്ച് 'ചത്തിലെങ്കിലേ അത്ഭുതമുള്ളൂ, അവന്റെ ഒക്കെ കയ്യിലിരിപ്പിന് ആ ഓടി നടക്കണ കുരിപ്പുണ്ടല്ലോ അതു കൂടി ഉടനെ കിണറ്റില്‍ വീണ് ചാവും, അതും കൂടി കണ്ടിട്ട് വേണം എനിക്ക് ഗുരുവായൂരില്‍ പോയി ഒന്ന് തൊഴാന്‍' എന്ന് പറയുന്ന അപൂര്‍വ്വ വിഷജന്മങ്ങളും കാണും. അവരെ കാണുമ്പോള്‍ പൂക്കള്‍ വാടും. അവരുടെ സാമീപ്യത്തില്‍ നായ്ക്കള്‍ ഓരിയിടും, അവരുടെ കണ്‍വെട്ടം വീണാല്‍ കുഞ്ഞുങ്ങള്‍ കരയും. അവര്‍ ചിരിക്കുന്ന ദുര്‍ഗന്ധത്താല്‍ മനം പുരട്ടും. അവര്‍ക്കരികില്‍ നിന്ന് മനുഷ്യര്‍ മാറി നടക്കും.
 
പക്ഷേ കഷ്ടകാലത്തിന് അത്തരം ജന്മങ്ങള്‍ കൂടി ചേര്‍ന്നാണ് നമ്മുടെ ലോകങ്ങള്‍ സന്തുലിതമാകുന്നത്. അല്ലെങ്കില്‍ നോക്കൂ, അല്ലറ ചില്ലറ അപ ശബ്ദങ്ങള്‍ ഒക്കെയുണ്ടെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും തോളോട് തോള്‍ ചേര്‍ന്നാണ് ദുരിതാശ്വാസം നടത്തുന്നത്. ഒരു തുള്ളി ശ്വാസം ബാക്കിയുള്ള കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഓടുന്ന പോലീസ് കാരനെ/ദുരിതാശ്വാസ പ്രവര്‍ത്തനെ നോക്കൂ! തനിക്കുള്ളതെല്ലാം ദുരിതാശ്വാസത്തിന് നല്‍കി നടന്ന് നീങ്ങിയ ആ ഇതരസംസ്ഥാന തൊഴിലാളിയെ നോക്കൂ! തങ്ങള്‍ക്കാകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യുന്ന സാധാരണ മനുഷ്യരെ നോക്കൂ, പരിചയമുള്ളവരില്‍ നിന്നെല്ലാം വസ്ത്രങ്ങളും സാനിറ്ററി പാഡുകളും അടിയുടുപ്പുകളും കമ്പിളികളും ശേഖരിച്ച് ദുരിത സ്ഥലത്തെത്തിക്കാന്‍ ഉറക്കമൊഴിക്കുന്നവരെ നോക്കൂ, മനുഷ്യന്‍ എന്ന പദത്തോട് തന്നെ അപാരമായ സ്‌നേഹം തോന്നും.

ഒരു ജനത മുഴുവന്‍ പരസ്പരം സഹായിക്കുകയാണ്. ഒരു നാട്ടില്‍ ഒരു ഭരണകൂടം ഉണ്ടെന്നത് ഇത്രയും നല്ലതരത്തില്‍ അനുഭവപ്പെട്ട മുഹൂര്‍ത്തങ്ങള്‍ നമുക്ക് അപൂര്‍വ്വമല്ലേ ഉണ്ടാകാറുള്ളൂ. മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നു. പ്രതിപക്ഷ നേതാവ് ഒപ്പം നില്‍ക്കുന്നു. മന്ത്രിമാര്‍, കളക്ടര്‍മാര്‍, പോലീസ് മേധാവികള്‍, ഭരണകൂടത്തിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നു. ഉണ്ടാകും, വീഴ്ചകളും പ്രശ്‌നങ്ങളും ഉണ്ടാകും. വലിയ വലിയ ദുരന്തമാണ്. അതീവ ഗുരുതരമായ സാഹചര്യം. അതിനെയാണ് നിയന്ത്രണത്തില്‍ വരുത്താന്‍ പെടാപാടുപെടുന്നത്.
 
ഇതിനിടെയിലാണ് വെറുപ്പുകൊണ്ട് വിഷം ചീറ്റി ചിലര്‍ ജീവിക്കുന്നത്. ജീവിക്കട്ടെ, മനുഷ്യര്‍ ഏറ്റവും അധപതിച്ചാല്‍ എന്താകുമെന്നതിന് ഉദാഹരണമായി കുഞ്ഞുങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ചിലത് വേണം. ഒരിക്കലും ആയിത്തീരരുതാത്തത്. പരിചയത്തില്‍ പോലും അങ്ങനെ ഒരാളില്ലാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article