പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്റെ വസതികളില്‍ വിജിലന്‍സ് റെയ്ഡ്

ബുധന്‍, 19 നവം‌ബര്‍ 2014 (10:20 IST)
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്റെ വസതികളില്‍ വിജിലന്‍സ് റെയ്ഡ്. എറണാകുളം വെണ്ണലയിലെ വീട്ടിലും തൃപ്പൂണിത്തുറയിലുള്ള ഗോഡൗണിലും ഭാര്യാവീട്ടിലും തിരുവനന്തപുരത്തെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ്. വിജിലന്‍സ് എറണാകുളം യൂണിറ്റിലെ അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് റെയ്ഡ്.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപവിവരങ്ങള്‍ കണ്ടെടുത്തു. ബിനാമി പേരിലും ബന്ധുക്കളുടെ പേരിലുമുള്ള നിക്ഷേപവും ഇതില്‍പെടും. തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് 15 ലക്ഷം രൂപയും കണ്ടെടുത്തു. തിരുവനന്തപുരത്തും കൊച്ചിയിലും ഫ്ളാറ്റ് വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഇവ സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. ഇതേതുടര്‍ന്ന് സൂരജിനെതിരെ വിജിലന്‍സ് കേസെടുത്തു. 
 
റെയ്ഡില്‍ അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും ഭൂമി വാങ്ങിക്കൂട്ടിയതിന്റെയും രേഖകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ഏഴ് മണിക്കാണ് റെയ്ഡ് തുടങ്ങിയത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് അദ്ദേഹത്തെ പ്രതിയാക്കി വിജിലന്‍സ് തൃശ്ശൂര്‍ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് റെയ്ഡ്.
 
ഭാര്യ, മകന്‍, ഭാര്യ പിതാവ് എന്നിവരുടെ പേരില്‍ ടിഒ സൂരജ് വാങ്ങിക്കൂട്ടിയ സ്വത്തുവകകളുടെ രേഖകള്‍ റെയ്ഡില്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. സൂരജ് വെണ്ണലയില്‍ വാങ്ങിയ വില്ലയ്ക്കു മാത്രം മൂന്നേകാല്‍ കോടി രൂപ വിലവരും. സര്‍ക്കാര്‍ സര്‍വീസില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്ന തസ്തികയിലാണ് സൂരജ് ആദ്യം സര്‍വീസില്‍ പ്രവേശിച്ചത്. പിന്നീട് 1994ല്‍ ഡെപ്യുട്ടി കലക്ടര്‍ സെലക്ഷന്‍ നേടി. പിന്നീടാണ് ഐഎഎസ് ലഭിച്ചത്. 2011 മുതലാണ് സെക്രട്ടറി തലത്തിലുള്ള തസ്തികകളില്‍ നിയമനം ലഭിച്ചത്. സര്‍വീസില്‍ പ്രവേശിക്കുന്ന കാലത്ത് കാര്യമായ സാമ്പത്തിക സ്ഥിതിയില്ലാതിരുന്ന സൂരജ് ഐഎഎസ് നേടി സുപ്രധാന പദവികള്‍ വഹിക്കുന്ന വേളയിലാണ് സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതെന്നും വിജിലന്‍സ് സംശയിക്കുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക