നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിന്റെ പിന്തുണ വേണമെന്ന് കോണ്‍ഗ്രസ് പറയുമ്പോഴും തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ അന്‍വറുമായി കൂടിക്കാഴ്ച നടത്തും. തൃണമൂല്‍ വിട്ട് കോണ്‍ഗ്രസിന്റെ ഭാഗമാകണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അന്‍വറിനോടു ആവശ്യപ്പെടും.
അതേസമയം താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിടില്ലെന്ന നിലപാടിലാണ് അന്‍വര്‍. രാഷ്ട്രീയ അഭയം നല്‍കിയ തൃണമൂലിനെ തള്ളിപ്പറയുന്നത് ഭാവിയില്‍ തനിക്ക് തിരിച്ചടിയാകുമെന്ന് അന്‍വര്‍ കരുതുന്നു. തൃണമൂലില്‍ നിന്നുകൊണ്ട് തന്നെ കോണ്‍ഗ്രസുമായി യോജിച്ചു പ്രവര്‍ത്തിക്കാനും യുഡിഎഫിന്റെ ഭാഗമാകാനുമാണ് അന്‍വര്‍ ആഗ്രഹിക്കുന്നത്.
വി.എസ്.ജോയിയെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് അന്‍വര്‍ ശാഠ്യം പിടിക്കുന്നതിലും കോണ്‍ഗ്രസ് നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ട്. കോണ്‍ഗ്രസിനോടു വില പേശാനുള്ള വലിപ്പം അന്‍വറിനില്ലെന്നും അത് മുഖവിലയ്ക്കെടുക്കരുതെന്നുമാണ് യുഡിഎഫിലെ മറ്റു കക്ഷികളുടെ അഭിപ്രായം. കോണ്‍ഗ്രസ് തീരുമാനിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം അന്‍വറിനെ യുഡിഎഫിലെടുക്കാമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. അപ്പോഴും തൃണമൂല്‍ ബന്ധമാണ് പ്രധാന തടസം.