മുത്തങ്ങ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവായ സി കെ ജാനു. വൈകിയ വേളയിലാണെങ്കിലും തെറ്റായി പോയെന്ന് എ കെ ആന്റണിക്ക് തിരിച്ചറിവുണ്ടയതില്‍ സന്തോഷം. എങ്കിലും മാപ്പ് പറയുന്നതിനേക്കാള്‍ വേണ്ടത് ആളുകള്‍ക്ക് ഭൂമി കിട്ടുക എന്നതാണെന്നും സി കെ ജാനു മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുത്തങ്ങ സംഭവത്തില്‍ എ കെ ആന്റണി ഖേദം പ്രകടിപ്പിച്ചത്.
ഒരു മാസം കുടില്‍ക്കെട്ടി സമരം ചെയ്യുമ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണമായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അങ്ങനൊന്ന് ഉണ്ടായില്ല. വെടിവെയ്പ് ഇല്ലാതെ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ നിരവധി സാധ്യതകളുണ്ടായിരുന്നു. പോലീസിന് കൂട്ടമായി അറസ്റ്റ് ചെയ്ത് കൊണ്ടുപോകാമായിരുന്നു. എല്ലാവരും അറസ്റ്റ് വരിക്കാന്‍ തയ്യാറായിരുന്നു. ഇതിന് ഉത്തരവാദി ആന്റണി സര്‍ക്കാര്‍ മാത്രമാണെന്ന് പറയാനാവില്ല. അന്നുണ്ടായിരുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായാണ് ചെയ്തതെന്നും സി കെ ജാനു പറഞ്ഞു.
അവിടെ ഒരു വിഭാഗം ആളുകളെ ഭീകരവും പൈശാചികവുമായാണ് മര്‍ദ്ദിച്ചത്. പല ആളുകള്‍ക്കും കാലിന്റെ പാദം അറ്റുപോകുന്നത് പോലെ വെടിവെച്ചു. കൂലിപ്പണി ചെയ്യാനാവാത്ത അവസ്ഥയായി. അന്നത്തെ സംഭവത്തില്‍ കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജീവിക്കാനുള്ള ഭൂമിയ്ക്കായാണ് സമരം ചെയ്തത്. ആ പ്രശ്‌നം ഇതുവരെയും പരിഹരിച്ചിട്ടില്ല. ആളുകള്‍ പഴയപടി കോളനികളില്‍ തന്നെ താമസിക്കുന്ന അവസ്ഥയാണ്.